കോട്ടയം: മണിപ്പാലിലെ മല്‍പെ സെന്റ് മേരീസ് ദ്വീപില്‍ വിദ്യാര്‍ഥികള്‍ തിരയില്‍പെട്ടുപോയ സംഭവം സഹപാഠികള്‍ക്ക് ഭീതിയോടെയല്ലാതെ ഓര്‍ക്കാനാകുന്നില്ല. തീരത്ത് ഒരു അപായസൂചന പോലും ഇല്ലായിരുന്നുവെന്നും മുന്നറിയിപ്പു നല്കിയിരുന്നെങ്കില് കൂട്ടുകാരെ നഷ്ടമാകില്ലായിരുന്നുവെന്നും കുട്ടികള്‍ പറയുന്നു. മുട്ടറ്റം വെള്ളത്തിലിറങ്ങി നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. പെട്ടെന്ന് കടലിലെ വെള്ളം ഉയര്‍ന്നു വരുന്നതു കണ്ട് കരയിലേക്കു മാറി. അലനും അമലും ആന്റണി ഷിനോയും ഉള്‍പ്പെടെ 5 പേര്‍ക്ക് പിന്നിലേക്കു മാറാന്‍ പറ്റുന്നതിനു മുന്‍പ് തിര ഉയര്‍ന്നു. ഒരു പാറപ്പുറത്തു കയറി നിന്നെങ്കിലും ശക്തിയേറിയ തിരയില്‍പെട്ട് ഒഴുകിപ്പോയി. രണ്ടു പേരെ അപ്പോള്‍ തന്നെ രക്ഷിച്ചെങ്കിലും ഒഴുകിപ്പോയവരെ കണ്ടെത്താനോ സഹായിക്കാനോ ആരും വന്നില്ല.സമീപത്തെ കടക്കാരന് ഒരു ലൈഫ് ജാക്കറ്റ് ഇട്ട് ഓടിയെത്തി. അലനെ കരയ്ക്കെത്തിച്ചു. അപ്പോള്‍ അലനു ജീവനുണ്ടായിരുന്നു. അപകടശേഷം അപായസൂചന നല്കുന്ന ബോര്‍ഡ് തീരത്ത് സ്ഥാപിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.
അപകടത്തില്‍ മരിച്ച അലന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് പാമ്പാടിയിലെ വീട്ടിലെത്തിക്കും. മംഗളം കോളേജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ അലന് ക്യാമ്പസ് സിലക്ഷനിലൂടെ ജോലി ലഭിക്കുന്നത് ഏഴാം സെമസ്റ്റര്‍ ഘട്ടത്തിലാണ്. പഠനം പൂര്‍ത്തിയാക്കി മകന് ജോലിക്കാരനായി മടങ്ങിവരുന്നതും സ്വപ്നം കണ്ടിരുന്ന മാതാപിതാക്കള്‍ക്ക് മുന്നിലേക്കാണ് ചേതനയറ്റ ശരീരമെത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്താംതരം പരീക്ഷയില്‍ പാമ്പാടി വിമലാംബിക സ്കൂളില്‍ നിന്നും എല്ലാ വിഷയങ്ങളിലും എ വണ്‍ നേടിയ അലന് പ്രവേശനം ലഭിച്ചത് മംഗളം കോളേജിലാണ്. മകന്റെ മികച്ച വിദ്യാഭ്യാസത്തിനായി കാനറാ ബാങ്കില്‍ നിന്നും അച്ഛന് റെജിമോന് 2.5 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു. ലഭിച്ച ജോലിയിലൂടെ വായ്പ തിരിച്ചടച്ച് കൃഷിക്കാരനായ അച്ഛനും അമ്മയ്ക്കും സഹോദരിക്കും താങ്ങും തണലുമായി ഒപ്പമുണ്ടാകണം എന്ന അലന്റെ സ്വപ്നങ്ങളാണ് ആര്‍ത്തിരമ്പിയ തിരയില്‍പ്പെട്ട് ഇല്ലാതായത്.
വിനോദ യാത്രക്കിടയിലും വീട്ടുകാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന അമലിന്റെ വിയോഗം വീട്ടുകാരും നാട്ടുകാരും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടില്ല. അച്ഛന് അനിലിനും , അമ്മ ബിന്ദുവിനും ഏക ആശ്രയമായിരുന്നു മകന്. വീട് പണിയും , മകളുടെ കല്യാണവും , അമലിന്റെ പഠനവുമെല്ലാം ടിപ്പര്‍ ഡ്രൈവറായ അനിലിന് വലിയ കടബാധ്യത വരുത്തിയിരുന്നു. വിനോദ യാത്രകളില്‍ വിദ്യാര്‍ത്ഥികള്‍ കുളിക്കാന്‍ കടലിലിറങ്ങുന്നതിനോട് വിയോജിപ്പായിരുന്നു അമലിന്. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാതയ്ക്കും ഭര്‍ത്താവ് സുശീലനുമൊപ്പം നിന്നായിരുന്നു അമലിന്റെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം. നല്ല വരുമാനമുള്ള ജോലി സമ്പാദിച്ച ശേഷം തുടര്‍ പഠനം നടത്തുമെന്ന് സുജാതയോട് അമല്‍ പറഞ്ഞിരുന്നു.