ന്യൂയോര്‍ക്ക് : അമിത വേഗതയില്‍ കുതിച്ചെത്തിയ അമേരിക്കൻ പോലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ചുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവിയുടെ മരണത്തില്‍ , ‘അവള്‍ക്ക് അത്ര വിലയേ ഉള്ളൂ.’ എന്ന ചിരിച്ചു കൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണത്തില്‍ ക്ഷമാപണവുമായി സിയാറ്റില്‍ മേയര്‍ ബ്രൂസ് ഹാരെല്‍. നടന്ന സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു വീഴ്ച ഉണ്ടാകാൻ പാടില്ലായിരുന്നെന്നും മേയര്‍ പറഞ്ഞു. ജാഹ്നവിയുടെ മരണത്തെ നിര്‍വികാരമായ രീതിയില്‍ പോലീസ് ഉദ്യോഗസ്ഥൻ പരാമര്‍ശിക്കുന്നതിന്‍റെയും ചിരിക്കുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. നേരത്തെ ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ചാൻസലര്‍ വ്യക്തമാക്കിയിരുന്നു. കാറിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ഓഡറിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ അപകടസമയത്തെ ദൃശ്യങ്ങളാണ് വിവാദത്തിനിടയാക്കിയത്. പൊട്ടിച്ചിരിച്ചുകൊണ്ട് പതിനൊന്നായിരം ഡോളറിന്റെ ഒരു ചെക്ക് എഴുതാനും ഡാനിയേല്‍ പറയുന്നുണ്ട്. 23-കാരിയായ ജാഹ്നവിക്ക് 26 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
ജാഹ്നവിയുടെ മരണത്തില്‍ പൊട്ടിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻെറ ദൃശ്യം ഇന്ത്യൻ വിദ്യാര്‍ഥികളെ പിടിച്ചുലച്ച സാഹചര്യത്തില്‍ മാനസികാഘാതം അതിജീവിക്കാനായി സര്‍വകലാശാല ഹെല്‍പ്പ് ലൈൻ നമ്ബര്‍ തുടങ്ങിയിരുന്നു. സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കാമ്ബസില്‍ ബിരുദാനന്തര ബിരുദ കോഴ്സിന് പഠിക്കുകയായിരുന്ന ജാഹ്നവി ആന്ധ്ര സ്വദേശിനിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021ല്‍ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ബെംഗളൂരുവില്‍ നിന്ന് അമേരിക്കയിലെത്തിയതാണ് ജാഹ്നവി. ഈ ഡിസംബറില്‍ കോഴ്സ് കഴിയാനിരിക്കെയായിരുന്നു അപ്രതീക്ഷിത ദുരന്തം. ജനുവരി 23നാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ജാഹ്നവി അപകടത്തില്‍ മരിക്കുന്നത്. ഡാനിയല്‍ ഓഡറിന്‍റെ സഹപ്രവര്‍ത്തകനായ പൊലീസ് ഓഫീസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമാണിടിച്ചത്.