ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ബിആര്‍ അംബേദ്കറെ ചൊല്ലിയുള്ള വിവാദത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളെ ചെറുക്കാന്‍ ബിജെപി.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളും പ്രചാരണങ്ങളും പ്രതിരോധിക്കാന്‍ ആണ് പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യത്തില്‍ ഘടകകക്ഷികളുടെ പിന്തുണ തേടിയിരിക്കുകയാണ് ബിജെപി. അംബേദ്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കാനാണ് തീരുമാനം.രാജ്യതലസ്ഥാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ നടന്ന എന്‍ഡിഎ കക്ഷികളുടെ യോഗത്തിലാണ് ഈ തീരുമാനം സ്വീകരിച്ചത്.
പാര്‍ലമെന്റിനുള്ളില്‍ നടന്ന കാര്യങ്ങള്‍ യോഗത്തില്‍ അമിത് ഷാ നേരിട്ട് വിശദീകരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതലായിരുന്നു യോഗം ചേര്‍ന്നത്. അമിത് ഷാ ബിആര്‍ അംബേദ്ക്കറെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധം ചെറുക്കാനുള്ള വഴികള്‍ യോഗം ആലോചിക്കുമെന്ന് നരത്തെ തന്നെ വിവരമുണ്ടായിരുന്നു.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് ബില്‍ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവിനും ചിരാഗ് പസ്വാന്റെ എല്‍ജെപിക്കും ബിജെപി സീറ്റുകള്‍ നല്‍കിയേക്കും. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇതാദ്യമായാണ് എന്‍ഡിഎ യോഗം ചേരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ജെഡിയു അദ്ധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല.അംബേദ്കറെ അപമാനിക്കുന്ന പ്രസ്താവനകളാണ് പാര്‍ലമെന്റില്‍ അമിത് ഷാ നടത്തിയതെന്ന് ആരോപിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. അമിത് ഷായ്ക്ക് എതിരെ സഭയ്ക്ക് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിപ്പിച്ചത്.