ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിനുള്ളിൽ വെച്ച് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. ലഖ്‌നൗവിലെ ഗാസിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പീഡനത്തിന് യുവതിയേയും ഭർത്താവിനെയും ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. ആരോഗ്യനില വഷളായ ഭർത്താവിനെ ഓക്സിജൻ സപ്പോർട്ടോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് യുവതി പീഡിനത്തിന് ഇരയായത്. പിന്നീട് ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതിയുടെ ഭർത്താവ് മരിച്ചു.
യുവതിയുടെ ഭർത്താവ് ഹരീഷ് അസുഖ ബാധിതനായി ബസ്തി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇയാളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫീസ് അടക്കാൻ നിവൃത്തിയില്ലാതായതോടെ യുവതി ഭർത്താവിനെ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ ഹരീഷിന്‍റെ ആരോഗ്യനില വീണ്ടും വഷളായി. ഇതോടെ ഭർത്താവിനെ ആശുപത്രിയിലെത്തിക്കാനാണ് യുവതി ആംബുലൻസ് വിളിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസ് ഡ്രൈവർ യുവതിയോട് തനിക്കൊപ്പം മുൻ വശത്തെ സീറ്റിലിരിക്കാൻ നിർബന്ധിച്ചു. പിന്നീട് ആംബുലൻസിലെ ജീവനക്കാരനുമായി ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി പ്രതിഷേധിച്ച് നിലവിളിച്ചതോടെ ഭർത്താവിന് നൽകിയിരുന്ന ഓക്സിജൻ മാസ്ക് നീക്കിയ ശേഷം ഇരുവരെയും ആബുലൻസ് നിന്നും പാതി വഴിയിലിറക്കി വിട്ടു. ഡ്രൈവർ തന്നെ മർദ്ദിച്ചെന്നും ആഭരണങ്ങളും പണവും കൈക്കലാക്കിയെന്നും യുവതി പറഞ്ഞു.
ഓക്സിജൻ നിലച്ചതോടെ യുവാവിന്‍റെ നില വഷളായി. യുവതി പിന്നീട് തന്‍റെ സഹോദരനെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ശേഷം ഭർത്താവിനെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ സഹോദരനാണ് വിവരം പൊലീസിൽ അറിയിച്ചത്. യുവതിയുടെ ഭർത്താവിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ഇതിന് പിന്നാലെ യുവതി ഗാസിപൂർ പൊലീസ് സ്‌റ്റേഷനിലെത്തി പൊലീസിൽ രേഖാമൂലം പരാതി നൽകി. പരാതി നൽകിയിട്ടും പൊലീസ് ആംബുലൻസ് ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തില്ലെന്ന് യുവതി ആരോപിച്ചു. അതേസമയം യുവതിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.