കോട്ടയം: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ 66 ഹോട്ടലുകളുടെ സിഇഒ, കാനറാ ബാങ്കിന്റെ അക്കൗണ്ടിൽ 66 കോടി രൂപ, കയ്യിലുള്ളത് 300 പവൻ. സംസ്ഥാനത്തെമ്പാടും വിവിധ സ്ഥലങ്ങളിൽ സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത വിവാഹത്തട്ടിപ്പ് വീരൻ പൊലീസിന്റെ പിടിയിലായി. സജികുമാർ, ശ്രീഹരി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന തട്ടിപ്പുകാരനെയാണ് മാവേലിക്കര പൊലീസ് കോട്ടയം നാട്ടകം സിമന്റ് കവലയിൽ നിന്നും പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ത്രീകളിൽ നിന്നും ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. പിടിയിലാകുമ്പോൾ നാട്ടകം സിമന്റ് കവലയിൽ ഒരു യുവതിയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു ഇയാൾ.
കോട്ടയം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി നിരവധി സ്ത്രീകളെയാണ് ഇയാൾ കബളിപ്പിച്ചിരിക്കുന്നത്. മെട്രോ മാട്രിമൊണി എന്ന ഓൺലൈൻ മാട്രിമോണി സൈറ്റിൽ വിവാഹ പരസ്യം കണ്ടാണ് ഇയാൾ സ്ത്രീകലെയും, യുവതികളെയും ബന്ധപ്പെട്ടിരുന്നത്. ഓരോ സ്ത്രീകളോടും വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയിരുന്നത്. എറണാകുളം സ്വദേശിയായ യുവതിയോട് ഇയാൾ നവംബർ മാസം വിവാഹം കഴിക്കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. അബുദാബിയിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ട്രമ്പിന്റെ കമ്പനിയിൽ ജോലിയാണ് എന്നാണ് ഇയാൾ ഇവരെ വിശ്വസിപ്പിച്ചിരുന്നത്. ഇത് വിശ്വസിച്ചാണ് സ്ത്രീകളിൽ പലരും വിവാഹത്തിന് സമ്മതിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബറിലാണ് എറണാകുളം സ്വദേശിയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ ഇവരോട് നവംബർ പകുതിയോടെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇതിനിടെ സ്വന്തം കമ്പനിയിൽ അപകടമുണ്ടായി നാലു പേർ മരിച്ചെന്നും വിവാഹത്തിന് എത്തണമെങ്കിൽ നാലര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇയാളുടെ ആവസ്യപ്രകാരം യുവതി നാലരലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. ഈ പണം ലഭിച്ചതിനു പിന്നാലെയാണ് ഇയാൾ മെസേജ് അയക്കുന്നത് അടക്കം നിർത്തി. ഇതോടെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായതായി ഇവർക്കു വ്യക്തമായത്.
ഇതിനിടെ മാവേലിക്കര സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് ഇയാൾ രണ്ടരലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഇവരോട് തന്റെ അക്കൗണ്ടിൽ 56 കോടി രൂപയുണ്ടെന്നും, കയ്യിൽ 300 പവനുണ്ടെന്നും വിശ്വസിപ്പിച്ചാണ് വിവാഹ ആലോചന ക്ഷണിച്ചത്. മെട്രോ മാട്രി മൊണി എന്ന സൈറ്റ് വഴിയാണ് ഇവർക്ക് വിവാഹാലോചന വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരും ബന്ധപ്പെട്ടത്. എന്നാൽ, തന്റെ ഒന്നരക്കോടി രൂപ വില വരുന്ന കാർ അപകടത്തിൽപ്പെടന്നും ഇതിന്റെ അറ്റകുറ്റപണികൾക്കായി പണം ആവശ്യമുണ്ടെന്നും കാട്ടിയാണ് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തത്.
ഇതിനു ശേഷം ഇയാളെപ്പറ്റി വിവരമൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെ പ്രതി അയച്ചു നൽകിയ ചിത്രത്തിലെ ടീഷർട്ടിൽ ഇയാളുടെ ഹോട്ടലിന്റെ പേരുണ്ടായിരുന്നു. ഈ പേര് കണ്ടെത്തി ഹോട്ടലുമായി ബന്ധപ്പെട്ടാണ് ഇയാളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ പ്രതി ഇവിടെ നാട്ടകം സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത് ഒപ്പം താമസിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതിയെ മാവേലിക്കര സ്വദേശിനി കണ്ടെത്തുകയും, പൊലീസിനെ ഉപയോഗിച്ച് പിടികൂടുകയും ചെയ്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും.