വാഷിങ്ടൺ: കാനഡക്കും മെക്സിക്കോക്കും വൻതീരുവ ചുമത്തിയ അമേരിക്കൻ നടപടിയോട് ഉടനടി പ്രതികരിച്ച് ഇരുരാജ്യങ്ങളും രംഗത്ത്. കനേഡിയൻ 155 ബില്യൺ ഡോളറിൻ്റെ യുഎസ് ഇറക്കുമതിക്ക് മേൽ കാനഡ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രൂഡോ വ്യക്തമാക്കി. 30 ബില്യൺ ഡോളർ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും ബാക്കി 21 ദിവസത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പുതിയ നികുതി നിരക്കിനെതിരെ ചൈനയും രംഗത്തെത്തി. പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ചൈന വ്യക്തമാക്കി.
മെക്സിക്കോയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി താരിഫും താരിഫ് ഇതര നടപടികളും ഉൾപ്പെടുന്ന പ്ലാൻ ബി നടപ്പിലാക്കാൻ സാമ്പത്തിക മന്ത്രിയോട് പറഞ്ഞതായി മെക്‌സിക്കോയുടെ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് ഗ്രൂപ്പുകളുമായി മെക്സിക്കോ സർക്കാരിന് സഖ്യമുണ്ടെന്ന അമേരിക്കയുടെ ആരോപണത്തിനും അവർ തിരിച്ചടിച്ചു. ക്രിമിനൽ സംഘടനകളുമായുള്ള സഖ്യത്തെക്കുറിച്ച് മെക്സിക്കൻ സർക്കാരിനെതിരെ വൈറ്റ് ഹൗസ് നടത്തിയ അപവാദം തള്ളുന്നുവെന്നും ഷെയിൻബോം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച മുതൽ കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള കനേഡിയൻ ഊർജ്ജ ഉൽപന്നങ്ങൾ ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു. അനധികൃത കുടിയേറ്റത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നുമുള്ള വലിയ ഭീഷണി ചൂണ്ടിക്കാട്ടിട്ടാണ് നികുതി വർധിപ്പിച്ചത്. ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുകയും ചെയ്തു. ഭാവിയിൽ യൂറോപ്യൻ യൂണിയനിലും അധിക തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു.