ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് അനുകൂലം. 15 സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു കഴിഞ്ഞു. ഓക്ലഹോമ, മിസ്സിസിപ്പി, അലബാമ, ടെന്നസി, കെന്റക്കി, ഇൻഡിയാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരലൈന, ഫ്ലോറിഡ, ആർകൻസോ, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വയോമിങ്, ലുയീസിയാന, ഒഹായോ, നെബ്രാസ്ക, ടെക്സസ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചിരിക്കുന്നത്.
അതേസമയം, ന്യൂ ജേഴ്സി, മാസചുസെറ്റ്, ഇല്ലിനോയ്, ഡെലവേർ, വെർമോൺട്, മേരിലാൻഡ്, കണക്റ്റികട്ട്, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ലീഡ് ചെയ്യുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കാരലൈന, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ സംസ്ഥാനങ്ങളിലെ ഫലസൂചനകളിലേയ്ക്കാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രസിഡന്റ് സ്ഥാനം അലങ്കരിക്കാൻ 270 ഇലക്ട്രൽ വോട്ടുകളാണ് ആവശ്യമായിട്ടുള്ളത്.
വിജയിച്ചാൽ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ചരിത്ര നേട്ടമാണ് കമല ഹാരിസിനെ കാത്തിരിക്കുന്നത്. മറുഭാഗത്ത്, 127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടമാണ് ട്രംപിന് സ്വന്തമാകുക. ഇത്തവണ പോളിംഗ് ശതമാനം റെക്കോർഡിലെത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പമാണ് അദ്ദേഹം പാം ബീച്ചിലെ വോട്ടിംഗ് സെന്‍ററിലെത്തിയത്. ഇക്കുറി വിജയമുറപ്പാണെന്നാണ് മുൻ പ്രസിഡന്റ് കൂടിയായ ട്രംപ് വോട്ട് ചെയ്ത ശേഷം പ്രതികരിച്ചത്. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ പ്രസിഡന്റായ ജോ ബൈഡൻ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രാദേശിക സമയം രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 8 കോടി ജനങ്ങൾ ഇതിനോടകം വോട്ടു ചെയ്തു കഴിഞ്ഞിട്ടുണ്ട്. പ്രവർത്തി ദിനമായ ഇന്ന് പലരും ജോലിക്കിടയിൽ നിന്ന് വന്നുകൊണ്ടാണ് വോട്ട് ചെയ്യുന്നത്.