വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും പ്രഥമ വനിതയുമായ ജില് ബൈഡൻ സംഘടിപ്പിക്കുന്ന വിരുന്നില്‍ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.നിലവിലെ പ്രസിഡന്റിന്റെ ഭാര്യ, നിയുക്ത പ്രസിഡന്റിന്റെ ഭാര്യയെ സല്‍ക്കരിക്കുന്നത് അമേരിക്കയിലെ അധികാര കൈമാറ്റത്തിന്റെഭാഗമായി തുടരുന്ന കീഴ്വഴക്കമാണ്. അമേരിക്കൻ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ ഭാഗമായ ഓവല്‍ ഓഫീസിലാണ് ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുന്നതിന്റെ പ്രതീകമായാണ് ഈ ചടങ്ങ് നടക്കുന്നത്.
എന്നാല്‍, ബൈഡനെയും ഭാര്യയെയും കാണാൻ താല്പര്യമില്ലെന്ന് മെലാനിയ അറിയിച്ചതായാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് ജില് ബൈഡൻ, മെലാനിയ ട്രംപിന് ഔദ്യോഗികക്ഷണം നല്‍കിയത്.അമേരിക്കൻ പ്രസിഡന്റായി ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന ട്രംപിനെതിരായ അന്വേഷണത്തിനിടെ എഫ്.ബി.ഐ. സംഘം ട്രംപും മെലാനിയയും താമസിച്ചിരുന്ന മാർ-എ-ലാഗോയില്‍ റെയ്ഡ് നടത്തിയിരുന്നു. 2021 ജനുവരിയില്‍ പ്രസിഡന്റ് കാലാവധി അവസാനിച്ച് പടിയിറങ്ങിയപ്പോള്‍ 15 പെട്ടി നിറയെ ഔദ്യോഗികരേഖകള്‍ ട്രംപ് കടത്തിയെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യു.എസ്. നാഷണല്‍ ആർക്കൈവ്സ് ആൻഡ് റെക്കോഡ്സ് അഡ്മിനിസ്ട്രേഷന്റെ പരാതിപ്രകാരം നീതിന്യായവകുപ്പാണ് അന്വേഷണത്തിനുത്തരവിട്ടത്. അലമാരകള്‍ തകർത്തുവെന്നും റെയ്ഡ് എന്നതിനപ്പുറം തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയില്‍ ഇടപെടുന്ന നീക്കമാണ് സർക്കാർ നടത്തിയതെന്ന് ട്രംപ് അന്ന് ആരോപിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ബൈഡനെയും ഭാര്യയെയും മെലാനിയയ്ക്ക് ഒട്ടും താല്പര്യമില്ലെന്നും കാണാൻ പോലും ആഗ്രഹമില്ലെന്നാണ് റിപ്പോർട്ട്. മെലാനിയയെ അനുനയിപ്പിക്കാൻ നീക്കങ്ങള്‍ നടക്കുന്നുവെന്നും പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നു.2016-ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രഥമവനിതയായിരുന്ന മിഷേല്‍ ഒബാമ, മെലാനിയ ട്രംപിന് വിരുന്ന് നല്‍കിയിരുന്നു. എന്നാല്‍ 2020-ലെ തിരഞ്ഞെടുപ്പില്‍ താനാണ് ശരിയായ വിജയിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ നിലനിന്നിരുന്നതിനാല്‍ മെലാനിയ ട്രംപ,് ജില് ബൈഡന് വിരുന്ന് നല്‍കിയിരുന്നില്ല. കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കടന്ന് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ പ്രതിഷേധിക്കുകയും അക്രമാസക്തരാവുകയും ചെയതതോടെ ഒട്ടേറെ അനിഷ്ടസംഭവങ്ങളാണ് അരങ്ങേറിയത്. ഇതേ തുടർന്ന് അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട സൗഹൃദ കൂടിാകഴ്ചകളെല്ലാം റദ്ദാക്കുകയായിരുന്നു.