ന്യുഡല്‍ഹി: വ്യാപാരത്തീരുവ വിഷയത്തില്‍ ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനകള്‍.ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാൻ സെപ്റ്റംബർ മാസം മോദി അമേരിക്കയ്ക്ക് പോയേക്കുമെന്നും തീരുവ വിഷയത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാൻ ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ട്രംപിനെ കൂടാതെ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സെപ്റ്റംബറില്‍ ന്യൂയോർക്കിലാണ് ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ അസംബ്ലി നടക്കുന്നത്. മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുന്നപക്ഷം, ഏഴുമാസത്തിനിടെ ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. ഇക്കൊല്ലം ഫെബ്രുവരിമാസത്തില്‍ ട്രംപ്-മോദി കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ നടന്നിരുന്നു.