ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ കൊലപാതക കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ വലിച്ചിഴയ്ക്കുന്നതിൽ കാനഡയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സ്വന്തം ഉത്തരവാദിത്തങ്ങൾ മറന്നുകൊണ്ടുള്ള ഇത്തരം പരാമർശങ്ങൾ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. ഇത്തരം പരാമർശങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
കനേഡിയൻ ഹൈകമ്മിഷൻ പ്രതിനിധിയെ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചതും മുന്നറിയിപ്പ് നൽകിയതും. 2024 ഒക്ടോബർ 29ന് ഒട്ടാവയിൽ നടന്ന പബ്ലിക് സേഫ്റ്റി ആൻഡ് നാഷനൽ സെക്യൂരിറ്റി സ്റ്റാൻഡിങ് കമ്മിറ്റിയിൽ ആഭ്യന്തരമന്ത്രിയെ കുറിച്ച് മന്ത്രി ഡേവിഡ് മോറിസൺ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായി പ്രതിഷേധിക്കുന്നതായാണ് ഇന്ത്യ അറിയിച്ചത്. ഈ സമിതിയെ സംബന്ധിച്ച് ഒരു കുറിപ്പും ഇന്ത്യ കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാനഡയിൽ നടന്ന സിഖ് വിഘടനവാദികളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ അമിത് ഷാ ആണെന്ന് കാനഡ ആരോപിച്ചതായി രാജ്യാന്തര വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്. നിജ്ജർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്രബന്ധം വഷളായിരുന്നു.
ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മയ്ക്ക് നിജ്ജാർ വധത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ കാനഡ പ്രതി ചേർക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഇന്ത്യ കഴിഞ്ഞ മാസം ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മയെ തിരിച്ചുവിളിച്ചിരുന്നു. ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥെരെ പുറത്താക്കുകയും ചെയ്തിരുന്നു.