ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾക്ക് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നേതാവുമായ അമിത് ഷായുടെ താക്കീത്. എഐഎഡിഎംകെയുമായുള്ള സഖ്യവുമായി ബന്ധപ്പെട്ടാണ് കെ അണ്ണാമലൈ അടക്കമുള്ളവർക്ക് അമിത് ഷാ താക്കീത് നൽകിയത്. എഐഎഡിഎംകെയുമായുള്ള സഖ്യത്തിനെതിരെ നീങ്ങിയാൽ അതിനെ ബിജെപിക്കെതിരായ നീക്കമായി കണക്കാക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ബിജെപി അധ്യക്ഷനായ നൈനാർ നാഗേന്ദ്രന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ടുപോകണമെന്ന് ബിജെപി നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടു. കെ അണ്ണാമലൈ, എൽ മുരുഗൻ, നൈനാർ നാഗേന്ദ്രൻ എന്നിവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തി. സംസ്ഥാനത്ത് ബിജെപിയുടെ അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ നിയമിതനായ ശേഷം പാർട്ടിക്കകത്ത് തുടരുന്ന വിഭാഗീയ പ്രവർത്തനത്തിൻ്റെയും നിസഹകരണത്തിൻ്റെയും തെളിവുകൾ നിരത്തിയാണ് അമിത് ഷാ മുതിർന്ന നേതാക്കളെ വിമർശിച്ചത്. കെ അണ്ണാമലൈയുടെ അനുയായികൾ നടത്തുന്ന സോഷ്യൽ മീഡിയ വിമർശനത്തിൽ അമിത് ഷാ അതൃപ്തി രേഖപ്പെടുത്തി. ഇന്ന് വൈകീട്ട് മധുരയിൽ കൂടുതൽ ബിജെപി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും.