ഡൽഹി: ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്‍റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
”ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും” – അമിത് ഷാ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കുന്നതിനായി രാജ്യത്തുടനീളം പുതിയൊരു ശ്രമം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. “നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും ചരിത്രത്തെയും മതത്തെയും മനസിലാക്കാൻ ഒരു വിദേശ ഭാഷയ്ക്കും കഴിയില്ല. അപൂർണ്ണമായ വിദേശ ഭാഷകളിലൂടെ ഒരു പൂർണ്ണ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
“ഈ യുദ്ധം എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് എനിക്ക് നന്നായി അറിയാം, എന്നാൽ ഇന്ത്യൻ സമൂഹം ഇത് വിജയിക്കുമെന്ന പൂർണ്ണ വിശ്വാസവും എനിക്കുണ്ട്. ഒരിക്കൽക്കൂടി, ആത്മാഭിമാനത്തോടെ, നമ്മൾ നമ്മുടെ രാജ്യത്തെ നമ്മുടെ ഭാഷകളിലൂടെ ലോകത്തെ നയിക്കുകയും ചെയ്യും” ബിജെപി നേതാവ് പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായുള്ള ‘ത്രിഭാഷാ ഫോർമുല’ നടപ്പിലാക്കുന്നതിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന സമയത്താണ് അമിത് ഷായുടെ ഈ പരാമർശങ്ങൾ എന്നുള്ളതാണ് ശ്രദ്ധേയം. ഡിസംബർ മുതൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുമായി അവരുടെ മാതൃഭാഷകളിൽ ആശയവിനിമയം നടത്തുമെന്ന് അമിത് ഷാ ഈ വർഷം ആദ്യം പറഞ്ഞിരുന്നു. ഭാഷയുടെ പേരിൽ രാജ്യത്ത് മതിയായ വിഭജനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ഇനിയും സംഭവിക്കാൻ പാടില്ലെന്നുമാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്.