താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ വ്യക്തമാക്കി. വനിത പ്രസിഡന്‍റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറി.
താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. എല്ലാ പ്രശ്‍നങ്ങളിലും ലാലിന്‍റെ പേര് വലിചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമൂട്ടിയോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട് പോലും ലഭിക്കില്ല. ഞങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും അമ്മയ്‍ക്ക് അപ്രിയരാണ് എന്നും മല്ലികാ സുകുമാരൻ പറഞ്ഞു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇനി അഞ്ച് മത്സരാർത്ഥികളാണുള്ളത്. ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്‍റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും. ജഗദീഷും രവീന്ദ്രനും പിന്മാറുന്നതോടെ ശ്വേത മേനോനുള്ള സാധ്യത ഏറുകയാണ്.
ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി