തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിക്ക് മുന്നില്‍ നാളെ എസി മൊയ്തീൻ ഹാജരാകുമോ എന്നാണ് സിപിഎം പറയേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.ഗോവിന്ദൻ ഇന്ന് ഇഡിയെ പുച്ഛിച്ചു. അത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും അനില്‍ അക്കര പറഞ്ഞു. ഇഡിക്ക് മുന്നില്‍ വീണ്ടും എസി മൊയ്തീൻ നാളെ ഹാജരാകേണ്ട ദിവസമാണ്. എന്നാല്‍ എസി മെയ്തീൻ നാളെ ഹാജരാകില്ല. നാളെ ഹാജരായാല്‍ വീട്ടിലേക്കല്ല സതീശനൊപ്പം ജയിലിലേക്കാണ് എന്ന് മൊയ്തീനറിയാമെന്നും അനില്‍ അക്കര പറഞ്ഞു.
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇഡി പറയുന്നു. ചില പ്രമുഖരുടെ മാനേജര്‍ മാത്രമായ സതീഷ് കുമാറിന്റെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകള്‍ നടന്നിരുന്നതെന്നും ഇ ഡി പറയുന്നു. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന. ഇയാള്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.