കോഴിക്കോട്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിത തിരികെ ജോലിയില്‍ പ്രവേശിച്ചു. 2023 മാർച്ച് 18 മുതലുള്ള പോരാട്ടമാണ് വിജയം കണ്ടതെന്ന് അനിത പറഞ്ഞു.ഇനിയും ആറ് വർഷം കൂടി സർവീസ് ബാക്കിയുണ്ട്. ആ ആറ് വർഷവും പോരാടിത്തന്നെ നില്‍ക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, സർക്കാരിനെതിരേ നല്‍കിയ കോടതിയലക്ഷ്യ ഹർജിയുമായി മുമ്പോട്ട് പോകുമെന്നും അത് പിൻവലിക്കില്ല എന്ന അനിത പറഞ്ഞു. സർക്കാർ ഇനിയെങ്കിലും എല്ലാവർക്കും നീതി ഉറപ്പുവരുത്തണമെന്ന് അനിത ആരോപിച്ചു . കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയും അനിത മുമ്പോട്ട് വെച്ചു.സർക്കാർ നീതിയുടെകൂടെ എപ്പോഴും നില്‍ക്കണം.
ഓരോ മെഡിക്കല്‍ കോളേജുകളിലും വരുന്ന രോഗികള്‍ക്ക് വേണ്ട സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ടത് സർക്കാരിന്റെയും ഓരോ ജീവനക്കാരുടേയും കടമയാണ്. അത് നിർവഹിക്കാൻ എല്ലാ ജീവനക്കാർക്കുംബാധ്യതയുണ്ട്- അനിത പറഞ്ഞു.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പീഡനത്തിനിരയായ സംഭവത്തില്‍, അതിജീവിതയ്ക്കൊപ്പം നിന്ന് അനുകൂലമായ മൊഴിനല്‍കിയ സീനിയർ നഴ്‌സിങ് ഓഫീസർ അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. അനിതയുടെ ഭാഗത്തുനിന്ന് ‘സൂപ്പർവൈസറി ലാപ്‌സ്’ ഉണ്ടായെന്ന ഡി.എം.ഇ.യുടെ റിപ്പോർട്ട് പ്രകാരമായിരുന്നു സ്ഥലംമാറ്റം. സ്ഥലംമാറ്റത്തിനെതിരേ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് നേടിയിട്ടും സർക്കാർ അനുകൂല സംഘടനകളുടെ സമ്മർദംകാരണം അവർക്ക് തിരികെ നിയമനംനല്‍കാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.