പെൻസില്‍വാനിയ: ദുരൂഹതകള്‍ നിറഞ്ഞ ‘അനാബെല്‍’ പാവയുമായി സഞ്ചരിക്കുമ്ബോള്‍ മരണപ്പെട്ട പാരാനോർമല്‍ അന്വേഷകൻ ഡാൻ റിവേരയുടെ മരണകാരണം പുറത്ത്. കഴിഞ്ഞ ജൂലൈ 13നാണ് പെൻസില്‍വാനിയയില്‍ ഡാൻ റിവേരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡെവിള്‍സ് ഓണ്‍ ദി റണ്‍ എന്ന തന്റെ യാത്രയുടെ ഭാഗമായി അനാബെല്‍ പാവയുമായി സഞ്ചരിക്കവേയായിരുന്നു ഡാൻ റിവേര ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. മരിക്കുമ്ബോള്‍ 54 വയസായിരുന്നു ഡാൻ റിവേരയ്ക്ക്. ഗെറ്റിസ്ബർഗില്‍ മൂന്ന് ദിവസത്തെ പരിപാടി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ ഞായറാഴ്ചയാണ് ഡാൻ മരണപ്പെട്ടത്. ‘ഗോസ്റ്റ്ലി ഇമേജസ് ഓഫ് ഗെറ്റിസ്ബർഗ് ടൂർസ്’ എന്ന സംഘം സോള്‍ജിയേഴ്സ് നാഷണല്‍ ഓർഫനേജില്‍ വെച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. ദുരൂഹതകള്‍ നിറഞ്ഞ അനാബെല്‍ പാവയുമായി സംഘം രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് ഡാന്‍ റിവേര മരണപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഡാൻ റിവേര ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു. ഇതിന്റെ പിന്തുടർച്ചയാണ് മരണമെന്നാണ് റിപ്പോർട്ട്. ആഡംസ് കൗണ്ടി കൊറോണറായ ഫ്രാൻസിസ് ഡുട്രോയാണ് ഇക്കാര്യം വിശദമാക്കിയത്. ഹൃദയ സംബന്ധമായ തകരാറുകളേ തുടർന്നുള്ള സ്വാഭാവിക മരണം എന്നാണ് പൊലീസ് വിശദമാക്കുന്നത്.
1970-കളില്‍, കണക്റ്റിക്കട്ടിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായ ഡോണയ്ക്ക് ലഭിച്ചതിന് ശേഷം അനാബെല്‍ പാവയുമായി ബന്ധപ്പെട്ട് നിരവധി അമാനുഷിക സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത അമാനുഷിക ഗവേഷകരായ എഡ്, ലോറെയ്ൻ വാറൻ ദമ്ബതികള്‍ പറയുന്നതനുസരിച്ച് പാവ തനിയെ കൈകള്‍ ഉയർത്തുകയും ആളുകളെ പിന്തുടരുകയും മറ്റ് ഭയാനകവും ദുരുദ്ദേശ്യപരവുമായ പെരുമാറ്റങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ പാവ കുത്തുകയും, ഒരു പുരോഹിതനുമായി ബന്ധപ്പെട്ട കാറപകടത്തിന് കാരണമാകുകയും ചെയ്തതായും ദമ്ബതികള്‍ അവകാശപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ് വയസുകാരിയായ അനാബെല്‍ എന്ന മരിച്ച പെണ്‍കുട്ടിയുടെ ആത്മാവ് പാവയില്‍ പ്രവേശിച്ചതായി വിശ്വസിക്കപ്പെടുന്നു. പാവയ്ക്ക് ഭൂതാവേശം ഉണ്ടെന്ന് വാദിച്ച വാറൻ ദമ്ബതികള്‍, പിന്നീട് പാവയെ അവരുടെ കണക്റ്റിക്കട്ടിലെ മ്യൂസിയത്തിലേക്ക് മാറ്റി. ഈ പൈശാചിക പാവയാണ് ‘ദി കണ്‍ജറിംഗ്’ എന്ന സിനിമയ്ക്ക് പ്രചോദനമായത്.