ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌കവാദ്(71) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായി ലണ്ടിനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. 1975മുതല്‍ 1987 വരെ 12 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളിച്ച അന്‍ഷുമാന്‍ ഗെയ്ക്‌വാദ് രണ്ട് സെഞ്ചുറികള്‍ അടക്കം 2524 റണ്‍സ് നേടിയിട്ടുണ്ട്. 1983ല്‍ ജലന്ധറില്‍ പാകിസ്ഥാനെതിരെ നേടിയ 201 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 22 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഗെയ്ക്‌വാദ് കളിച്ചിട്ടുണ്ട്.
സുനില്‍ ഗവാസ്കറുടെ ഓപ്പണിംഗ് പങ്കാളിയായി കളിച്ച ഗെയ്ക്‌വാദ് 1976ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സബീന പാര്‍ക്കില്‍ നടന്ന ടെസ്റ്റില്‍ മൈക്കല്‍ ഹോള്‍ഡിംഗിന്‍റെ ബൗണ്‍സര്‍ കൊണ്ട് ചെവിയില്‍ നിന്ന് രക്തം വാര്‍ന്നിട്ടും വിന്‍ഡീസ് പേസ് പടയെ ധീരമായി നേരിട്ട് പോരാട്ടവീര്യത്തിന്‍റെ പര്യാമായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1997 മുതല്‍ 1999 വരെയും 2000ലുമാണ് ഗെയ്ക്‌വാദ് ഇന്ത്യൻ പരിശീലകനായിരുന്നത്. ഗെയ്ക്‌വാദ് കോച്ച് ആയിരുന്നപ്പോഴാണ് ഇന്ത്യ 2000ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണേഴ്സ് അപ്പായത്. അനില്‍ കുംബ്ലെ ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചപ്പോഴും ഇന്ത്യൻ പരിശീലകനായിരുന്നു ഗെയ്ക്‌വാദ്. അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.