ചെന്നൈ: ആദ്യമായി ബഹിരാകാശത്തേക്ക് ഹനുമാനാണ് യാത്ര ചെയ്തതെന്ന പരാമർശവുമായി ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശിലെ ഒരു സ്കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു താക്കൂര്‍. വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അനുരാഗ് താക്കൂർ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘പവൻസുത് ഹനുമാൻ ജി….ആദ്യത്തെ ബഹിരാകാശ യാത്രികൻ’ എന്ന് കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ 1961 ഏപ്രിൽ 12 ന് ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്തത് സോവിയറ്റ് ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ ആയിരുന്നു. 27 വയസായിരുന്നു യൂറി ഗഗാറിന് അന്ന് പ്രായം. ഗഗാറിന്റെ ബഹിരാകാശ യാത്രയെ അനുസ്മരിച്ച് എല്ലാ വർഷവും ഏപ്രിൽ 12 ന് ബഹിരാകാശ ദിനം ആയി റഷ്യ ആചരിക്കാറുണ്ട്.

‘ഹനുമാന് ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്,’ എന്ന അടിക്കുറിപ്പോട് തന്റെ പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം എക്സൽ പങ്കുവച്ചിട്ടുണ്ട്. ‘ആദ്യമായി ബഹിരാകാശത്ത് സഞ്ചരിച്ചത് ആരാണെന്ന് അറിയുമോ’ എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ വ്യക്തമായ മറുപടി നല്‍കാതെ വന്നതോടെയാണ് മന്ത്രി ഹനുമാനെ കുറിച്ച് സംസാരിച്ചത്.

ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ അറിയാത്തിടത്തോളം കാലം നമ്മള് ബ്രിട്ടീഷുകാര്‍ കാണിച്ചുതന്ന വര്‍ത്തമാന കാലത്ത് തന്നെ തുടരുമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.
അതേസമയം അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണെന്ന് കനിമൊഴി എംപി പറഞ്ഞു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്.
ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന ഭരണഘടനാ തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി എംപി വിമർശിച്ചു. ആദ്യം ചന്ദ്രനിൽ കാലുകുത്തിയത് അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്ട്രോങ് അല്ല, ഹനുമാൻ ആണെന്നാണ് ബഹിരാകാശ ദിനത്തിൽ അനുരാഗ് താക്കൂർ പറഞ്ഞത്.
കുട്ടികളോടുള്ള പ്രതികരണം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് കനിമൊഴി വിമർശിച്ചു. വിദ്യാർത്ഥികളിൽ അന്വേഷണത്വരയും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള അറിവിനോടുള്ള താത്പര്യവും വളർത്തുന്നത് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് കനിമൊഴി ഊന്നിപ്പറഞ്ഞു. പുരാണത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിൽ അല്ല പുരോഗതി. ചരിത്രപരമായ വസ്തുതകളും ഐതിഹ്യങ്ങളും തമ്മിൽ വേർതിരിച്ചറിയുന്നതിൽ നിന്ന് വിദ്യാർത്ഥികളെ തടയുന്ന പരാമർശങ്ങൾ ശരിയല്ലെന്നും കനിമൊഴി പ്രതികരിച്ചു.
പുരാണങ്ങൾക്ക് സാംസ്കാരികവും സാഹിത്യപരവുമായ സ്ഥാനമുണ്ടെങ്കിലും, അത് വസ്തുതയായി ക്ലാസ് മുറികളിൽ അവതരിപ്പിക്കുന്നത് ശാസ്ത്ര പഠനത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്ന് ഇതിന് മുൻപും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സ്കൂൾ കുട്ടികളുടെ മുന്നിൽ വെച്ച് മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നടത്തിയ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നു. നാസയുടെ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി 1969-ൽ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നാഴികക്കല്ലാണ്.
ഇത്തരം വസ്തുതകളെ തള്ളിക്കളയുന്നത് ഐഎസ്ആർഒയുടെ ചാന്ദ്രയാൻ, ഗഗൻയാൻ ദൗത്യങ്ങളിലൂടെ ബഹിരാകാശ പര്യവേഷണത്തിൽ രാജ്യം മുന്നേറ്റം കൈവരിക്കുന്ന സമയത്ത് രാജ്യത്തിന്റെ ശാസ്ത്രപരമായ കാര്യങ്ങളിലെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുമെന്നുമാണ് വിമർശനം.