പഹൽഗാം ഭീകരാക്രമണം; കേസ് അന്വേഷണം ആരംഭിച്ച് എൻ ഐ എ ; പ്രധാന സാക്ഷിയായി കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫർ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മുന്നിലെ പ്രധാന സാക്ഷിയായി കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫർ. ഭീകരാക്രമണം നടന്ന ഏപ്രില്‍ 22-ന് ഇദ്ദേഹം ബൈസാരണ്‍വാലിയിലുണ്ടായിരുന്നു. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികള്‍ക്കായി ഇദ്ദേഹം റീലുകള്‍ ചിത്രീകരിച്ചിരുന്നു. ഭീകരാക്രമണ ദൃശ്യങ്ങളും ഇദ്ദേഹം പകർത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisements

വെടിവെപ്പ് നടന്നപ്പോള്‍ ഇദ്ദേഹം രക്ഷപ്പെടാനായി ഓടി ഒരു മരത്തില്‍ക്കയറിയൊളിച്ചെന്നാണ് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ ഇദ്ദേഹം മുഴുവനായി പകർത്തിയിരുന്നു. വീഡിയോഗ്രാഫറെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഭീകരരെയും അവരെ സഹായിച്ചവരെയും തിരിച്ചറിയുന്നതിനായി എൻഐഎ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് ഭീകരർ രണ്ടുസംഘങ്ങളായി തിരിഞ്ഞ് പുല്‍മേടിന്റെ രണ്ട് വശങ്ങളില്‍നിന്ന് വെടിയുതിർത്തെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ലഘുഭക്ഷണം വില്‍ക്കുന്ന കടകള്‍ക്ക് സമീപം രണ്ട് തോക്കുധാരികള്‍ നിലയുറപ്പിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. ഉച്ചയ്ക്ക് 2.30-ഓടെ ഇവർ ആക്രമണം തുടങ്ങി. ഓരോരുത്തരോടും പേരുചോദിച്ചശേഷം തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. ഇതോടെ വിനോദസഞ്ചാരികള്‍ മുഴുവൻ പരിഭ്രാന്തരായി ഓടാൻ തുടങ്ങി. തുടർന്ന് സിപ്പ്ലൈനിന്റെ പരിസരത്തുനിന്ന് രണ്ടു തീവ്രവാദികള്‍ക്കൂടി പുറത്തുവന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്കുനേരെ വെടിയുതിർത്തു.

ഭീകരവാദികള്‍ പ്രദേശത്തെ ഒരാളുടെയും ഒരു വിനോദസഞ്ചാരിയുടെയും മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഈ ഫോണുകള്‍ ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികള്‍. എന്നാല്‍, സംഭവത്തിന് പിന്നാലെ ഈ ഫോണുകള്‍ സ്വിച്ച്‌ഓഫാണ്.

ഭീകരാക്രമണം നടന്ന പ്രദേശത്തുനിന്ന് എകെ-47, എം4 റൈഫിളുകളുടെ വെടിയുണ്ടകള്‍ എൻഐഎ കണ്ടെടുത്തു. അഫ്ഗാൻ യുദ്ധം അവസാനിച്ചതിനുശേഷം പാകിസ്താൻ ഭീകരർ എം4 തോക്കുകള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നുണ്ടെന്നും ഇത് ആക്രമണത്തിന് പിന്നില്‍ ആരാണെന്നതിൻ്റെ കൂടുതല്‍ തെളിവാകുകയാണെന്നും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാള്‍ പ്രദേശത്തുകാരനായ ആദില്‍ തോക്കറാണെന്ന് അന്വേഷണസംഘം ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. 2018-ല്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേർന്ന ഇയാള്‍ തുടർന്ന് പാകിസ്താനിലേക്ക് കടക്കുകയും ലഷ്കറെ തൊയ്ബയില്‍ ചേരുകയുമായിരുന്നു. ലഷ്കറെ തൊയ്ബയില്‍നിന്ന് തീവ്രവാദ പരിശീലനം ലഭിച്ചശേഷം 2024-ല്‍ കശ്മീരിലേക്ക് തന്നെ ഇയാള്‍ മടങ്ങിയെത്തി. പാക് തീവ്രവാദികള്‍ക്ക് സഹായവും പഹല്‍ഗാമിലെ ഭൂമിശീസ്ത്രപരമായ വിവരങ്ങളും നല്‍കിയത് ഇയാളാണെന്നും റിപ്പോർട്ടുകളുണ്ട്.

Hot Topics

Related Articles