ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ചൂലിനെ പടവാളാക്കി ഡല്‍ഹി ഭരിക്കാനെത്തിയ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്ന അഴിമതിക്കേസില്‍ അടിവേര് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്.മോദിയുടേയും അമിത് ഷായുടേയും തട്ടകമായ ഡല്‍ഹിയില്‍ എതിരാളികളില്ലാതെ ഭരിച്ചിരുന്ന അരവിന്ദ് കെജ്രിവാള് അറസ്റ്റിലാകുമ്ബോള്‍ അത് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇ.ഡിയുടെ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഏടായി മാറുകയാണ്. ഡല്‍ഹി മദ്യനയക്കേസ് എന്നത് വെറുമൊരു ആരോപണം എന്ന നിലയ്ക്ക് തുടങ്ങിയതാണെങ്കിലും പടിപടിയായി നടപ്പിലാക്കിയ ഓപ്പറേഷന് ഇന്ന് എഎപിയുടെ `തല`യില്‍ എത്തി നില്ക്കുന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങള്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കലിന്റേയും ഒപ്പം നിയമ പോരാട്ടത്തിന്റേതുമാകുമെന്ന സൂചന നല്കി കഴിഞ്ഞു എഎപിയും ഇന്ത്യ മുന്നണിയും.
2021 നവംബര്‍ 17നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണ് ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്ന് സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 15 പേരെയാണ് സിബിഐ പ്രതികളാക്കിയിരുന്നത്. അതില്‍ ആദ്യ പ്രതി മുന്‍ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ ആയിരുന്നു. ഫെബ്രുവരി 26ന് സിസോദിയയെ സിബിഐ അറസ്റ്റുചെയ്യുകയും ചെയ്തു. മാര്‍ച്ച് 9നു ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച ഇതേക്കേസില്‍ മോദി ഹൈദരാബാദില്‍ ഉള്ള അതേ ദിവസം ഒമ്ബത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ മറ്റൊരു അറസ്റ്റ് കൂടി നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയുടേതായിരുന്നു അത്. ഇ.ഡിയുടെ വാള് ഇനി വരിക തന്റെ നേര്‍ക്കാണെന്ന് അരവിന്ദ് കെജ്രിവാള് എന്ന ഡല്‍ഹി മുഖ്യമന്ത്രിക്ക് നന്നായി അറിയാമായിരുന്നു. ഏത് നിമിഷവും താന്‍ അറസ്റ്റിലായേക്കാമെന്ന കെജ്രിവാളിന്റെ പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഒമ്ബത് തവണ തനിക്ക് ഇ.ഡി സമന്‍സ് അയച്ചിട്ടും കെജ്രിവാള് അത് കാര്യമാക്കിയില്ല. ഒടുവില്‍ കോടതിയെ സമീപിക്കുകയായിരുന്നു ഇ.ഡി ചെയ്തത്.
എന്താണ് ഡല്‍ഹി മദ്യനയക്കേസ് ?
സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മദ്യ നയം ഡല്‍ഹി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്ലെറ്റുകള് തുറക്കാം. ലേലം നടത്തി 849 ഔട്ട്ലെറ്റുകള് സ്വകാര്യ കമ്ബനികള്‍ക്ക് നല്കി. ഇതോടെ സര്‍ക്കാരിന് മദ്യവില്പനയിലുള്ള നിയന്ത്രണം അവസാനിച്ചു. നയത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 2022 ജൂലൈയില്‍ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു. പണം കെട്ടിവയ്ക്കുന്നതിന് സര്‍ക്കാര്‍ സമയം നീട്ടി നല്‍കുകയായിരുന്നു. ഇതിലൂടെ സ്വകാര്യ, ചെറുകിട വ്യാപാരികള്‍ വന്‍ സാമ്ബത്തിക ലാഭമുണ്ടാക്കിയപ്പോള്‍ ഖജനാവിന് വലിയ സാമ്ബത്തിക നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ഉന്നതതലത്തിലുള്ള അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തല്‍. വലിയ തുക ഉപഹാരമായി നേതാക്കള്‍ കൈപ്പറ്റുകയും പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തുവെന്നും സിബിഐ ആരോപിച്ചിരുന്നു.
ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് ഡല്‍ഹി മദ്യനയ അഴിമതിയിലേക്ക് വെളിച്ചം വീശിയത്. 1991ലെ ജിഎന്‍സിടിഡി നിയമം, 1993 ലെ ട്രാന്‍സ്ഫര്‍ ഓഫ് ബിസിനസ് റൂള്‍സ്, 2009, 2010 വര്‍ഷങ്ങളിലെ ഡല്‍ഹി എക്സൈസ് നിയമങ്ങള്‍ എന്നിവ ലംഘിക്കപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. 2022 ജൂലൈ 22ന് ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബിആര്‍എസ് നേതാവ് കെ.കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് ഇ.ഡിയുടെ ആരോപണം. മദ്യനയത്തിലൂടെ നൂറ് കോടി രൂപ ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചുവെന്നും അഴിമതിയുടെ ഭാഗമായി നേതാക്കള്‍ക്ക് പണവും വിലകൂടിയ സമ്മാനങ്ങളും ലഭിച്ചുവെന്നും അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിലുണ്ട്.