ദില്ലി: ദില്ലിയില്‍ നടക്കുന്ന ഡെല്‍ഹി കാപിറ്റല്‍സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ പ്രതിഷേധം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെയാണ് എഎപിയുടെ വിദ്യാര്‍ത്ഥി യൂണിയൻ പ്രതിഷേധിച്ചത്. ഛത്ര യുവ സംഘര്‍ഷ് സമിതി (സിവൈഎസ്എസ്) പ്രവര്‍ത്തകരാണ് കെജ്രിവാളിന്റെ ചിത്രം പതിച്ച മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച് പ്ലകാര്‍ഡുകളും കൈയിലേന്തി പ്രതിഷേധിച്ചത്.
മത്സരത്തിനിടെ വിദ്യാര്‍ത്ഥി യൂണിയൻ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ജയിലിന് മറുപടി വോട്ടിലൂടെ എന്ന് എഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് കാണികള്‍ക്കിടയില്‍ നിന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതായി ദില്ലി പൊലീസ് അറിയിച്ചു.