ദില്ലി : ദില്ലിയിലെ ദളിത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ദില്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമായാണ് പ്രഖ്യാപനം. ഡൽഹിയിൽ നിന്ന് വിദേശ സർവകലാശാലകളിൽ പ്രവേശനം നേടുന്ന ദളിത് വിദ്യാർഥികൾക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ദളിത് വിദ്യാർത്ഥികളുടെ എല്ലാ ചെലവുകളും വഹിക്കുന്ന രീതിയിലായിരിക്കും സ്കോളര്‍ഷിപ്പെന്ന് കെജ്രിവാള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധികാരത്തിലേറിയാല്‍ വിദേശ സർവകലാശാലകളിൽ ചേരുന്ന ദളിത് വിദ്യാർഥികളുടെ പഠനം, യാത്ര, താമസം എന്നിവയുടെ മുഴുവൻ ചെലവും ദില്ലി സർക്കാർ വഹിക്കുമെന്ന് കെജ്രിവാൾ. നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടും അമേരിക്കയില്‍ നിന്നും പിഎച്ച്ഡി നേടിയ ഡോ. അംബേദ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലിയിൽ നിന്നുള്ള, വിദേശ സർവകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന ഏതൊരു ദളിത് വിദ്യാർഥിക്കും സ്കോളർഷിപ്പ് ലഭിക്കും. സർക്കാർ ജീവനക്കാരുടെ മക്കൾ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിക്ക് അര്‍ഹരായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതേ സമയം അപേക്ഷാ പ്രക്രിയയും സമയക്രമവും സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
പ്രായപൂർത്തിയായ സ്ത്രീകൾക്ക് 2,100 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, മുതിർന്ന പൗരന്മാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ എന്നിവ ഉള്‍പ്പെടെ നിരവധി ക്ഷേമ നടപടികളും നേരത്തെ എ എ പി പ്രഖ്യാപിച്ചിരുന്നു. ദില്ലിയില്‍ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്തുക എന്നതാണ് എഎപിയുടെ ലക്ഷ്യം.