ദില്ലി: ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്യ വിമർശനത്തിന് പിന്നാലെ, നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ആപ്പിൾ ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ആപ്പിളിന്റെ നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവുമില്ല. ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി ഇന്ത്യൻ സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സിഎൻബിസി-ടിവി 18 നോട് പറഞ്ഞു.
ഖത്തറിലെ ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഡൊണാൾഡ് ട്രംപ്, ആപ്പിൾ സിഇഒ ടിം കുക്കിനോട് ഇന്ത്യയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചതായി വെളിപ്പെടുത്തി. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പും നൽകി. ആപ്പിളിന്റെ അമേരിക്കയിലെ അവരുടെ ഉത്പാദനം വർദ്ധിപ്പിക്കണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ ഏകദേശം 22 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ കമ്പനി രാജ്യത്ത് ഉത്പാദിപ്പിക്കുന്നതോടെ, ഇന്ത്യ ആപ്പിളിന് ഒരു നിർണായക നിർമ്മാണ കേന്ദ്രമായി മാറും. ലോകമെമ്പാടുമുള്ള അഞ്ച് ഐഫോണുകളിൽ ഒന്ന് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. ഇന്ത്യ യുഎസിന് അടിസ്ഥാനപരമായി താരിഫുകളില്ലാത്ത ഒരു കരാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, പരാമർശങ്ങളെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.