തലയോലപറമ്പ്: കരുണയുടെ കാവൽ സ്പർശമായി വീണ്ടും കെഎസ്ആർടിസി ജീവനക്കാർ. ബസ് യാത്രയ്ക്കിടയിൽ അപസ്മാര ബാധയെ തുടർന്ന് അബോധാവസ്ഥയിലായ 21കാരനായ ഇതര സംസ്ഥാനക്കാരനെ കെ എസ് ആർ ടി സി ബസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് കെഎസ്ആർടിസി ജീവനക്കാർ മാതൃകയായത്. ആസാം സ്വദേശിയായ ഹോജ് റാത്തി( 21 )നെയാണ് പൊതി മേഴ്സി ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ചികിൽസയെ തുടർന്ന് ഇയാൾ സാധാരണ നിലയിലായി. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. തൊടുപുഴയിൽ നിന്നു വൈക്കത്തേക്ക് വന്ന കെ എസ് ആർടിസി ബസിൽ ഇലഞ്ഞിയിൽ നിന്നാണ് ഹോജ് റാത്തിനെ ഒരാൾ കയറ്റി വിട്ടത്. പൊതിഭാഗത്തേക്ക് എത്തുന്നതിനിടയിലാണ് ഇയാൾ അസുഖ ബാധിതനായി അബോധാവസ്ഥയിലായത്. ബസ് കണ്ടക്ടർ ലിബിൻ അപ്പുക്കുട്ടനും ബസ് ഡ്രൈവർ പി.ഗിരീഷും ചേർന്ന് ഉടൻ ബസ് പൊതി മേഴ്സി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേയ്ക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ആശുപത്രി അധികൃതർ ഉടൻ എത്തി യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി. യുവാവിൻ്റെ വിവരങ്ങൾ അറിയിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ ഫോൺ നമ്പർ നൽകിയ ശേഷമാണ് ബസ് ജീവനക്കാർ സർവീസ് പുനരാരംഭിച്ചത്. രണ്ടാഴ്ച മുമ്പ് ആസാമിൽ നിന്ന് പെരുമ്പാവൂരിൽ എത്തിയ ഹോജ് രാത്തിന് തൊഴിലൊന്നും ലഭിച്ചില്ല. അനുജനും സുഹൃത്തുക്കളുമൊക്കെ എറണാകുളത്തുണ്ട്. ആലപ്പുഴയിൽ ജോലി അന്വേഷിച്ച് പോകുന്നതിനിടയിലായിരുന്നു ഇയാൾ അപസ്മാര ബാധയെ തുടർന്ന് അബോധാവസ്ഥയിലായത്.