ഡല്‍ഹി : മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം അറസ്റ്റ് ചെയ്തു.രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. വസതിക്ക് ചുറ്റും കനത്ത പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ഡെല്‍ഹിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അറസ്റ്റ് അടക്കമുള്ള അന്വേഷണ ഏജന്‍സിയുടെ തുടര്‍ നടപടികളില്‍ നിന്ന് കേജ് രിവാളിന് സംരക്ഷണം നല്കാന് ഡെല്‍ഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് എട്ടംഗ സംഘം എത്തി അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റിന് പിന്നാലെ കേജ് രിവാളിന്റെ വസതിക്ക് പിന്നില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. കേജ് രിവാള്‍ ജയിലില്‍ ഇരുന്ന് ഭരിക്കുമെന്ന് എ എ പി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. ഡെല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ കേജ്രിവാള് തുടരും. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ അഭിഭാഷകര്‍ കോടതിയിലേക്ക് പോയിരിക്കുകയാണ്. രാത്രി തന്നെ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹൈകോടതി ഉത്തരവിനെതിരെ ആം ആദ്മി പാര്‍ടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പുതിയ സമന്‍സ് നല്‍കാനാണെന്നും സെര്‍ച് വാറന്റ് ഉണ്ടെന്നുമാണ് ഇഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്. ഇഡി നേരത്തെ ഒമ്ബതുവട്ടം നല്കിയ സമന്‍സുകള്‍ കേജ് രിവാള്‍ അവഗണിക്കുകയായിരുന്നു. ഇഡി സമന്‍സുകള്‍ ചോദ്യം ചെയ്ത് കേജ് രിവാള്‍ നേരത്തെ ഡെല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി.
ഈ ഹര്‍ജി ആദ്യ ഹര്‍ജിക്കൊപ്പം ഏപ്രില്‍ 22ന് പരിഗണിക്കാനായി മാറ്റി. മറുപടി നല്കാന് ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഡെല്‍ഹിയിലെ വിവാദ മദ്യനയത്തില്‍ അഴിമതി, കള്ളപ്പണ ഇടപാട് എന്നിവക്ക് കേസ് രെജിസ്റ്റര്‍ ചെയ്ത ഇ ഡി നേരത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആപ് നേതാവ് സഞ്ജയ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബി ആര് എസ് നേതാവുമായ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിതയും ജയിലിലായി. കേജ് രിവാളിനെ അറസ്റ്റ് ചെയ്യാനാണ് മോദിസര്കാറിന്റെ നീക്കമെന്ന് ആപ് പലവട്ടം കുറ്റപ്പെടുത്തിയിരുന്നു. കേജ് രിവാളിന്റെ പേര് ഇ ഡിയുടെ കുറ്റപത്രത്തില്‍ പലവട്ടം പരാമര്‍ശിച്ചിട്ടുണ്ട്.