പത്തനംതിട്ട : ഓട്ടത്തിന് കാത്ത് കിടക്കുന്നതിനിടെ ടേണിനെ ചൊല്ലി ആംബുലൻസ് ഡ്രൈവർമാർ തർക്കത്തിലേർപ്പെടുകയും, തുടർന്ന് സംഘർഷമുണ്ടാകുകയും, ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏഴിന് രാത്രി 10.30 ന് അടൂർ ജനറലാശുപത്രിയ്ക്ക് മുന്നിലെ ആംബുലൻസ് സ്റ്റാന്റിലാണ് സംഭവം, അടിപിടിയിൽ പരിക്കേറ്റ ഡ്രൈവർ ശ്രീലേഷിന്റെ പരാതിയെ തുടർന്ന് മൊഴി വാങ്ങി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ചിരണിക്കൽ പള്ളിതാഴേതിൽ ശ്യാം പ്രകാശ് (25) പിറവന്തൂർ പുരുഷ മംഗലത്ത് രാഹുൽ(28), കൊടുമൺ ഈറമുരുപ്പൽ സുനിൽ ഭവനിൽ സുബിൻ (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നേരത്തെയും ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ടേണിനെ സംബന്ധിച്ച് തർക്കങ്ങളും, തുടർന്ന് സംഘർഷവും ഉണ്ടായിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാരെ രാത്രികാലങ്ങളിൽ പരിശോധിക്കുക, ഇവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക തുടങ്ങിയ നടപടികൾ പോലീസ് കൈക്കൊള്ളുന്നുണ്ട്.