തമിഴ്നാട് : കമ്പം ടൗണിലിറങ്ങി അക്രമങ്ങള്‍ നടത്തിയ അരികൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് തമിഴ്നാട് വനംവകുപ്പ്. പിടികൂടുന്ന ആനയെ പിടിച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് തമിഴ്നാടിന്റെ തീരുമാനമെന്ന് തമിഴ്നാട് വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശ്രീനിവാസ റെഡ്ഡി വ്യക്തമാക്കി. മയക്കുവെടി വെക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് ലഭിച്ചാലുടന്‍ പിടികൂടാനുള്ള തുടര്‍ന്ന് നടപടികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. വെറ്റിനറി ഡോക്ടര്‍, കുങ്കിയാനകള്‍, വാഹനം അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കൊമ്പന് അക്രമാസക്തനാണെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നിര്‍ദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അരിക്കൊമ്പന് തുമ്പിക്കൈയില്‍ മുറിവെന്ന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആകാശത്തേക്ക് വെടിവെച്ച് തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്. അതേസമയം ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്കി, കമ്പം ടൗണില്‍ ഗതാഗത നിയന്ത്രണമേര്പ്പടുത്തിയിട്ടുണ്ട്.
മുന്‍പ് ജനവാസ മേഖലയില്‍ അരിക്കൊമ്പന് ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇത്തവണ അതല്ല അവസ്ഥ. ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനയെ സര്‍ക്കാര്‍ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്.
അതിനാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കും. ആന കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണെങ്കില്‍ മയക്കുവെടി വെക്കുമെന്നാണ് കരുതുന്നത്. ഇന്ന്രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ ആന എത്തിയത്. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്.
രാവിലെ ആനയുടെ സിഗ്നല്‍ നഷ്ടമായതോടെ വനം വകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. ഇതേ തുടർന്നാണ് ആന കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്. വാഹനങ്ങള്‍ തകര്‍ത്ത ആനയെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടക്കുകയാണ്. വെരി ഹൈ ഫ്രീക്വന്‍സി ആന്റിനകള്‍ ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്.ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ തേക്കടിയിലും നിരീക്ഷിച്ചുവരികയാണ്. കമ്പം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വി.എച്ച്.എഫ് ആന്റിനയുമായി ആനയുടെ നിലവിലെ സാന്നിധ്യം പരിശോധിക്കുന്നത്. ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നും കാര്യമായ സിഗ്നലുകള്‍ ലഭിക്കാത്തതാണ് കാടിറങ്ങിയ കാര്യം വനപാലകര്‍ വൈകി അറിയാനിടയായതിന്റെ കാരണം.