തിരുവനന്തപുരം: സ്ത്രീധനം ക്രൂരമായ നടപടിയെന്നും, സമൂഹത്തിലെ ഏറ്റവും വലിയ തിന്മയാണ് സ്ത്രീധനമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഷഹനയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി വേണമെന്നും ഗവർണർ ആവശ്യപ്പെട്ടു. സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികയുടെ കുടുംബത്തിൽനിന്ന് പണം ആവശ്യപ്പെടുക എന്നത് ക്രൂരമായ മനോഭാവമാണെന്നും ഇത്തരത്തിലുള്ള മനോഭാവമുള്ള ചില ആൺകുട്ടികൾ സമൂഹത്തിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പറഞ്ഞതുപോലെ, ഇത്തരത്തിലുള്ള ആവശ്യങ്ങൾ മുന്നോട്ടുവെക്കുമ്പോൾ അതിനെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്ക് ഉണ്ടാവണം, ഗവർണർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീധനക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികളെ മനക്കരുത്തുള്ളവരാക്കുക എന്നത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണ്. ഈ സംഭവം നടന്നത് കേരളത്തിലാണ് എന്നത് വളരെ ഏറെ ദുഖിപ്പിക്കുന്നു. പെൺകുട്ടിക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം സംബന്ധിച്ച് പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു.
അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് ചീഫ് സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ആർ എസ് ശശികുമാറിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്നാണ് ആവശ്യം.