ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നും ഇതിനാല്‍ ഇപ്പോള്‍ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നുമാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അടിയൊഴുക്ക് കുറഞ്ഞതിനാല്‍ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കാനാകുമോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കാനിരിക്കെയാണ് കാലാവസ്ഥ വെല്ലുവിളിയായി മാറുന്നത്.
മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ ഇന്ന് എത്തി പുഴയില്‍ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല. ഉത്തര കന്നഡ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. വിദഗ്ധ സഹായം ഇല്ലാതെ മാൽപെയെ പുഴയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ബാർജ് മൗണ്ടഡ് ഡ്രഡ്ജർ ഇല്ലാതെ നിലവിൽ തെരച്ചിൽ സാധ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങാനാകുമോ എന്ന് ഇന്ന് പരിശോധിക്കുമെന്നായിരുന്നു നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. പുഴയിലെ അടിയൊഴുക്ക് അൽപം കുറഞ്ഞ സാഹചര്യത്തിലാണിത്. എന്നാൽ ഒരാൾക്ക് പുഴയിലേക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.