ലഖ്നൗ : ആർത്തവം കാരണം നവരാത്രി പൂജ ചെയ്യാൻ കഴിയാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. പ്രിയാൻഷ സോണി എന്ന യുവതിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ത്സാൻസിയിലാണ് സംഭവം. ഭർത്താവ് മുകേഷ് സോണി, മക്കളായ ജാൻവി (മൂന്നര വയസ്), മാൻവി (രണ്ടര വയസ്) എന്നിവർക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണവും മുകേഷ് വ്യക്തമാക്കിയിട്ടുണ്ട്.
‘പ്രിയാൻഷ നവരാത്രി പൂജ ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എല്ലാവിധത്തിലുളള തയ്യാറെടുപ്പുകളും നടത്തിയരുന്നു. എന്നാല്‍ നവരാത്രി പൂജ ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ ആർത്തവം ആരംഭിക്കുകയായിരുന്നു. ഇതോടെ പൂജ ചെയ്യാൻ കഴിയാത്ത അവസ്ഥയായി. ഇത് പ്രിയാൻഷയെ മാനസികമായി ഏറെ തളർത്തിയിരുന്നു. അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും വലിയ വിഷമത്തിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവി എത്തിക്കഴിഞ്ഞാല്‍ പൂജ തുടങ്ങുമെന്ന് പ്രിയാൻഷ പറഞ്ഞുകൊണ്ടിരുന്നു. പൂജാ സാധനങ്ങളെല്ലാം കൊണ്ടുവരാൻ അവള്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു, ഞാൻ അത് ചെയ്തു. എന്നാല്‍ ആദ്യ ദിവസം അവള്‍ക്ക് ആർത്തവം വന്നു, ഇത് എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകുന്ന അവസ്ഥയാണെന്നും സങ്കടപ്പെടേണ്ടന്നും പറഞ്ഞതാണ്’- ഭർത്താവ് പറഞ്ഞു.
നവരാത്രി പൂജ ആരംഭിച്ച തൊട്ടടുത്ത ദിവസം യുവതി വിഷം കഴിക്കുകയായിരുന്നു. തുടർന്ന് ഇവരെ ത്സാൻസിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ യുവതിയെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടയില്‍ പ്രിയാൻഷയുടെ ആരോഗ്യസ്ഥിതി വഷളായതോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് കോട്‌വാലി പൊലീസ് അറിയിച്ചു.