ന്യൂഡൽഹി : എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം. പാരിസ്ഥിതിക തകര്‍ച്ച മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് പുരസ്‌കാര നിര്‍ണയ സമിതി അവാർഡ് പ്രഖ്യാപിച്ചത്. അരുന്ധതിറോയിക്കെതിരെ യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിനുപിന്നാലെയാണ് പെന്‍ പിന്റര്‍ പുരസ്‌കാരം അവര്‍ നേടുന്നത്.
നൊബേല്‍ സമ്മാന ജേതാവ് ഹരോള്‍ഡ് പിന്ററിന്റെ സ്മരണക്കായാണ് വര്‍ഷം തോറും പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കുന്നത്. ഇംഗ്ലീഷ് പെന്‍ അധ്യക്ഷന്‍, റൂത്ത് ബോര്‍ത്ത്വിക്, നടന്‍ ഖാലിദ് അബ്ദുല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ പത്തിന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.