തിരുവനന്തപുരം : സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം – വ്യത്യസ്തമായ വിവാഹ ക്ഷണക്കത്തിലെ വാക്കുകളാണിത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ എംഎൽഎയും തമ്മിലുള്ള വിവാഹ ക്ഷണക്കത്തിലെ ഏറെ പ്രധാനപ്പെട്ട വാക്കാണിത്. ആര്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച് പോസ്റ്റിലാണ് ഈ വിവരങ്ങൾ ഉള്ളത്. സെപ്റ്റംബർ 4ന് നടക്കുന്ന സച്ചിൻ ദേവ് ആര്യ രാജേന്ദ്രൻ വിവാഹത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ഈ അറിയിപ്പും ഉൾപ്പെട്ടിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ –
പ്രിയരെ,
2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്.
പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം.
അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ആര്യ , സച്ചിൻ