കോട്ടയം : മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ ഡോക്ടറെ മർദ്ദിക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്ത രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. കൂരോപ്പട സ്വദേശികളായ രണ്ടു പേരെയാണ് മണർകാട് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിലെ അത്യാ വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. പവന് നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. ആശുപത്രിയിൽ എത്തിയ പ്രതികൾ ഇവിടെ കുട്ടികളുടെ വിഭാഗത്തിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. കുട്ടികളുടെ വിഭാഗത്തിൽ ഡോക്ടറില്ല എന്ന് അറിയിച്ചതിന് തുടർന്നുണ്ടായ തർക്കത്തിന് ഒടുവിലാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതോടെ മണർകാട് പോലീസ് സംഘം എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യും.