പൊലീസുകാരനായ സ്വന്തം മുത്തച്ഛനെ മാതൃകയാക്കി : ബാല്യവും കൗമാരവും കടന്ന് യൗവനത്തിലേക്ക് കാലൂന്നിയപ്പോള്‍ തന്നെ ലക്ഷ്യം നേടാൻ കഠിന പരിശ്രമം; ഒന്നാം റാങ്കിന്റെ തിളക്കത്തോടെ സബ് ഇൻസ്പെക്ടറായി അതുൽ 

വളരെ ചെറുപ്പത്തിലേ ഉള്ളില്‍ കയറിക്കൂടിയ ആഗ്രഹം. പൊലീസുകാരനായ സ്വന്തം മുത്തച്ഛനെ മാതൃകയായി കണ്ട ആ ബാലൻ തന്റെ ലക്ഷ്യം ഒരിക്കല്‍ പോലും കൈവിട്ടില്ല.ബാല്യവും കൗമാരവും കടന്ന് യൗവനത്തിലേക്ക് കാലൂന്നിയപ്പോള്‍ തന്നെ ലക്ഷ്യം നേടാൻ കഠിന പരിശ്രമവും. കോവിഡ് ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള സകല പ്രതിസന്ധികളെയും അതിജീവിച്ച്‌ അതുല്‍രാജ് കേരള പൊലീസിന്റെ യൂണിഫോം അണിയും. അതും ഒന്നാം റാങ്കിന്റെ തിളക്കത്തോടെ സബ് ഇൻസ്പെക്ടറായി.കൊയിലാണ്ടി സ്വദേശിയായ അതുല്‍ രാജ് പി എസ് സി നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് തന്റെ ലക്ഷ്യം കൈപ്പിടിയിലൊതുക്കിയത്. പൊലീസുകാരനായിരുന്നു അതുലിന്റെ അമ്മയുടെ പിതാവ്. അദ്ദേഹത്തെ മാതൃകയായി സ്വീകരിച്ച അതുല്‍ ചെറുപ്പത്തില്‍ തന്നെ പൊലീസുകാരനാകാൻ നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഡിഗ്രി പഠനകാലയളവില്‍ തന്നെ പി എസ് സി കോച്ചിംഗ് ആരംഭിച്ചു. അതിനൊപ്പം പോലീസിന് വേണ്ട ശരീരക്ഷമത വർദ്ധിപ്പിക്കാൻ വെയ്റ്റ് ലിഫ്റ്റിങ് പരിശീലനവും ആരംഭിച്ചു. ഡിഗ്രി അവസാന വർഷം പഠിക്കുമ്ബോള്‍ എല്‍.ജി.എസ്. വിഞ്ജാപനം വന്നതോടെ പി എസ് സി പരീക്ഷകളെ നേരിടാൻ അതുല്‍ രാജ് സജ്ജമായി.

Advertisements

ലക്ഷ്യം പൊലീസായിരുന്നെങ്കിലും എല്ലാ പി എസ് സി പരീക്ഷകളും എഴുതാൻ തന്നെയായിരുന്നു അതുലിന്റെ തീരുമാനം. പരമാവധി അറിവ് നേടുക എന്നതായിരുന്നു ഉദ്ദേശം. അങ്ങനെ, ഡിഗ്രി കഴിഞ്ഞപ്പോള്‍ കൊയിലാണ്ടിയില്‍ വീടിനടുത്തുള്ള സ്വകാര്യ പി.എസ്‌.സി. കോച്ചിങ് സെന്ററില്‍ പഠനത്തിനായി ചേർന്നു. ആ സമയത്താണ് കോവിഡ് എത്തുന്നത്. ഇതോടെ കോച്ചിങ് സെന്റർ അടച്ചുപൂട്ടി. വെയ്റ്റ് ലിഫ്റ്റിങ് പരിശീലനം പാതിവഴിയിലായി. കോച്ചിങ് സെന്ററിലെ ഒരു സുഹൃത്ത് കമ്ബയിൻ സ്റ്റഡി നടക്കുന്നതറിഞ്ഞ് ആ സംഘത്തില്‍ ചേർന്നു. അതിരാവിലെ തുടങ്ങുന്ന പരിശീലനം. പരസ്പരം അറിവു പകർന്ന് ആ സൗഹൃദ സംഘം മുന്നോട്ടു പോകുന്നതിനിടെയാണ് അതിലിന്റെ ആദ്യ പി എസ് സി പരീക്ഷ എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്ന് എഴുതിയ എല്‍.ജി.എസ്. ആറാം റാങ്കും സി.പി.ഒയില്‍ ഒന്നാം റാങ്കും ലഭിച്ചു. ആദ്യം കിട്ടിയ എല്‍.ജി.എസിന് ജോയിൻ ചെയ്തു. പിന്നീട് എസ്‌.ഐ. നോട്ടിഫിക്കേഷൻ വന്നപ്പോള്‍ സി.പി.ഒയ്ക്ക് നോട്ട് ജോയിനിങ് ലെറ്റർ കൊടുത്ത് പോവാതെ ഇരുന്നു. കാരണം സി.പി.ഒ. ജോലിയോടൊപ്പം എസ്‌.ഐ. പരീക്ഷയ്ക്കായുള്ള പഠനം സുഖരകരമാകില്ലെന്ന തിരിച്ചറിവായിരുന്നു ആ തീരുമാനത്തിന് പിന്നില്‍.

ആദ്യംകോഴിക്കോട് ഫാറൂഖിലെ ട്രഷറിയിലായിരുന്നു ജോലി. പിന്നീട് കൊയിലാണ്ടിയിലേക്ക് മാറ്റം കിട്ടി. എസ് ഐ പരീക്ഷക്ക് തൊട്ടുമുമ്ബുള്ള മൂന്നു മാസം ലീവെടുത്തിരുന്ന് പഠിച്ചു. മുഴുവൻ സമയവും ഇൻസ്റ്റിറ്റ്യൂട്ടില്‍ പഠനത്തിലായിരുന്നു. പ്രിലിമിനറി പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ മെയിൻസിനായി പഠനം ആരംഭിച്ചിരുന്നു. കൃത്യമായ സിലബസ് നോക്കി കൊണ്ടായിരുന്നു പഠനം. സിആർപിസി, ഭരണഘടന, സൈക്കോളജി തുടങ്ങി വിഷയങ്ങളെല്ലാം അതിന്റെ ആധികാരിക ബുക്കുകള്‍ വെച്ചായിരുന്നു പഠനം. ഒരൊറ്റ് ഗൈഡ് പൂർണ്ണമായി പഠിക്കുകയും വിഷയങ്ങള്‍ അതാത് പുസ്തകങ്ങള്‍ വെച്ച്‌ തന്നെ ആധികാരികമായി പഠിക്കുകയുമായിരുന്നു രീതി.

മെയിൻ പരീക്ഷയുടെ പിറ്റേന്ന് മുതല്‍ ഫിസിക്കലിനായി അടുത്തുള്ള ഗ്രൗണ്ടില്‍ പ്രാക്ടീസ് ആരംഭിച്ചു. ഫിസിക്കലും പാസായതോടെ അഭിമുഖം എങ്ങനെയെന്നായി ചിന്ത. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടില്‍ അഭിമുഖത്തിനായുള്ള കോച്ചിങ് നല്‍കുന്നുണ്ടെന്ന് അറിയുകയും അവിടെ പോയി മോക്ക് ഇന്റർവ്യു എടുക്കുകയും ചെയ്തു. ഇതിന് ശേഷം വളരെ ആത്മവിശ്വാസത്തോടെയാണ് ഇന്റർവ്യുവിന് പങ്കെടുത്തത്.

പത്തിനുള്ളില്‍ റാങ്ക് പ്രതീക്ഷിച്ചെങ്കിലും ഒരിക്കലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അതില്‍രാജ് പറയുന്നു. കമ്ബെയിൻ സറ്റഡിക്ക് കൂടെയുണ്ടായിരുന്ന എല്ലാവരും ലിസ്റ്റിലുണ്ട് എന്നത് ഈ വിജയത്തിന് മാറ്റുകൂട്ടുന്നു.

Hot Topics

Related Articles