കൊല്ലം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങി. പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി ഇതിന് ശേഷമാണ് മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യുന്നത്. മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹത്തിനൊപ്പം അതുല്യയുടെ സഹോദരി അഖിലയും അഖിലയുടെ ഭർത്താവും നാട്ടിൽ എത്തി.
അതേസമയം അതുല്യയുടെ മരണത്തില്‍ ഫോറൻസിക് ഫലം ലഭിച്ചിരുന്നു. മരണത്തിൽ മറ്റു അസ്വാഭാവികതകൾ ഇല്ലെന്നാണ് സൂചന. അതുല്യയുടെ രേഖകൾ ഭർത്താവ് ഇന്ത്യൻ കോൺസുലേറ്റിനെ ഏല്പിച്ചിരുന്നു. 19-ാം തിയ്യതി പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. 29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവായ സതീഷെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷാർജയിലെ ഫ്ലാറ്റിൽ വെച്ച് സതീഷിൽ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസ് അന്വേഷണത്തിന് കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഷാര്‍ജയിലുള്ള അതുല്യയുടെ ഭര്‍ത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്. 11 വര്‍ഷമായി അതുല്യയുടെ വിവാഹം കഴിഞ്ഞിട്ട്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം.