ചെന്നൈ: തമിഴ്‌നാട്ടിൽ എടിഎമ്മുകൾ കേന്ദ്രീകരിച്ച് വൻ കവർച്ച. നാല് എടിഎമ്മുകളിൽ ഒരേ സമയം കവർച്ച നടത്തിയ മോഷ്ടാക്കൾ 75 ലക്ഷത്തോളം രൂപ കൈക്കലാക്കി.
ഇന്നലെ രാത്രി തിരുവണ്ണാമലൈയ്ക്ക് സമീപമുള്ള മൂന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മുകളും ഒരു വൺ ഇന്ത്യ ബാങ്കിന്റെ എടിഎമ്മുമാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീന്റെ ചെസ്റ്റ് ബോക്‌സുകൾ തകർത്താണ് പണം അപഹരിച്ചത്.
തിരുവണ്ണാമലൈ ടൗണിലെ മാരിയമ്മൻ ക്ഷേത്രത്തിന് സമീപമുള്ള രണ്ട് എടിഎമ്മുകൾ പോലൂർ ടൗൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള എടിഎം, കലശപാക്കം ടൗണിലെ ഗവൺമെന്റ് ബോയ്‌സ് ഹൈസക്കൂളിന് സമീപമുള്ള എടിഎം എന്നിവയിലാണ് മോഷണം നടത്തിയത്. രാത്രി പെട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച പുലർച്ചെ രണ്ടിന് ശേഷം എടിഎമ്മുകളിൽ ഷട്ടറിട്ട ശേഷം ഗ്യാസ് കട്ടറുപയോഗിച്ച് മോഷണം നടത്തിയതായാണ് പൊലീസ് അറിയിക്കുന്നത്. മോഷണ ശേഷം എല്ലാ എടിഎമ്മുകളിലെയും മെഷീനുകളും സിസിടിവിയും മോഷ്ടാക്കൾ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. അതിനാൽ മോഷ്ടാക്കളുടെ വിരലടയാളമോ സിസിടിവി ദൃശ്യങ്ങളോ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
കടലൂർ-ചീറ്റൂർ പാതയിലാണ് മോഷണം നടന്ന നാല് എടിഎമ്മുകളും സ്ഥിതിചെയ്യുന്നത്. ഓരോ എടിഎമ്മുകൾ തമ്മിൽ ശരാശരി 20 കി. മീ ദൂരമുണ്ട്. ഏകദേശം ഒരേ സമയത്ത് തന്നെ മോഷണം നടന്നതിനാൽ മികച്ച ആസൂത്രണത്തോടെയാണ് കൃത്യം നിർവഹിച്ചിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
തിരുവണ്ണാമലൈ സിറ്റി, പോലൂർ, കലശപ്പാക്കം സ്റ്റേഷൻ പരിധികളിലായാണ് മോഷണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനാൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ മോഷണം നടന്ന പ്രദേശത്തെ റോഡുകളിലെയും സമീപ സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്.