ആലപ്പുഴ : വർധിച്ചു വരുന്ന ആസ്ത്മ നിയന്ത്രിക്കാനും എല്ലാ ആസ്ത്മ ബാധിതർക്കും പരിചരണം ഉറപ്പാക്കാനും ശ്വാസകോശ വിദഗ്ധരും , മറ്റു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും , പൊതു സമൂഹവും കൂട്ടായി പ്രയത്നിക്കേണ്ടതുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ.ആർ.എസ് അഭിപ്രായപെട്ടു. ലോക ആസ്ത്മ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തുടർ മെഡിക്കൽ വിദ്യഭ്യാസ പരിപാടി ‘ ബ്രീത്ത് ‘ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. നിഷ.
അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ ( എ.പി.സി.സി.എം) മുൻ ദേശീയ പ്രസിഡണ്ട് ഡോ.പി.എസ്. ഷാജഹാൻ എല്ലാ ആസ്ത്മ ബാധിതർക്കും പരിചരണം ഉറപ്പാക്കുക ( Asthma care for All) എന്ന ആസ്ത്മ ദിന സന്ദേശം നൽകി. ശരിയായ ചികിൽസ ശരിയായ സമയത്ത് ശരിയായ രീതിയിൽ നൽകിയാൽ മാത്രമേ ആസ്ത്മ മൂലമുള്ള അനാവശ്യ ആശുപത്രി വാസവും , സങ്കീർണതകളും , മരണങ്ങളും ഇല്ലാതാക്കാനാവൂ എന്നദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസ്ത്മ പരിചരണം എങ്ങിനെ , ആസ്ത്മ വൈവിധ്യങ്ങളും പുത്തൻ ചികിൽസാ മാർഗ്ഗങ്ങളും , സ്ത്രീകളിലെ ആസ്ത്മ, വിഷമകരമായ ആസ്ത്മ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ഡോ.മനാഫ് . എം.എ , ഡോ. ശങ്കർ രമേഷ് , ഡോ. അജിത രാജ്, ഡോ.ഷാഹിന. എസ്, ഡോ. പ്രീതി അഗസ്റ്റിൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ശ്വാസകോശ വിഭാഗത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കണാവശ്യപെട്ടുകൊണ്ടുള്ള നിവേദനം ചടങ്ങിൽ വെച്ച് ബിരുദാനന്ത ബിരുദ റസിഡന്റ് ഡോക്ടർമാരുടെ പ്രതിനിധി ഡോ.പി. വാസന്തി പ്രിൻസിപ്പലിനു കൈമാറി.