തൊടുപുഴ: സ്വകാര്യ ബസിൽ യുവതിയെ കടന്നു പിടിക്കുകയും, തുടർന്ന് സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുകയും ചെയ്ത എക്‌സൈസ് പ്രിവന്റീവ് ഓഫിസർക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കി വകുപ്പ്. പെൺകുട്ടിയെ ശല്യം ചെയ്യുകയും വിഷയം അറിഞ്ഞെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ എക്‌സൈസ് ഓഫിസിൽ എത്തി ചോദ്യം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് ഇപ്പോൾ ഇദ്ദേഹത്തെ രക്ഷപെടുത്താൻ ഒരു വിഭാഗം ശ്രമം നടത്തുന്നത്.
രണ്ടാഴ്ച മുൻപ് കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. കോട്ടയത്തു നിന്നും അടിമാലിയിലേയ്ക്കു പോകുകയായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥൻ. ഈ സമയം കെഎസ്ആർടിസി ബസിലുണ്ടായിരുന്ന വിദ്യാർത്ഥിയോട് ഇദ്ദേഹം മോശമായി പെരുമാറി. തുടർന്ന്, ബസിനുള്ളിൽ വച്ച് നേരിയ തോതിൽ സംഘർഷം ഉണ്ടാകുകയും ചെയ്തു. ഇതിന് ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ ഇദ്ദേഹം ജോലി ചെയ്യുന്ന നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അടിമാലി ഓഫിസിൽ എത്തി ബഹളമുണ്ടാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, ഇദ്ദേഹത്തെ ഇവിടെ നിന്നും വണ്ടിപ്പെരിയാർ റേഞ്ചിലേയ്ക്കു സ്ഥലം മാറ്റുകയയായിരുന്നു. ഇതിന് ശേഷം വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കാനോ ഇദ്ദേഹത്തിന് എതിരെ നടപടിയെടുക്കാനോ വകുപ്പ് തയ്യാറായിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മുൻപും ഈ ഉദ്യോഗസ്ഥനെതിരെ സമാന രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോഴുണ്ടായ പരാതികൾ ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് വകുപ്പിനെ സാരമായി ബാധിക്കുമെന്നാണ് ആരോപണം.