ഇരവിപേരൂരില്‍ നിന്നും ജാഗ്രതാന്യൂസ് പ്രത്യേക ലേഖകന്‍
പത്തനംതിട്ട: തിരുവല്ല ഇരവിപേരൂര്‍ ഓതറയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ വനിതാ പഞ്ചായത്ത് മെമ്പര്‍ക്ക് നേരെ നടന്നത് അതിക്രൂരമായ മര്‍ദനം. ഇരവിപേരൂര്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍ ബിജി ബെന്നിക്കാണ് തര്‍ക്കം പരിഹരിക്കാന്‍ എത്തിയപ്പോള്‍ മര്‍ദനം നേരിടേണ്ടി വന്നത്. ഈരയില്‍ ജോമോന്റെ നാലു വയസ്സുള്ള കുഞ്ഞിനെ നായ കടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നത്തിന് വഴിവച്ചത്. ഇവരുടെ അയല്‍വാസികളായ രാജന്- കൊച്ചുമോള് ദമ്പതികളുടേതായിരുന്നു നായ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസമാണ് നായ കുഞ്ഞിനെ കടിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. നായ അക്രമാസക്തനായിരുന്നതിനാല്‍ പേ വിഷബാധ സംശയിച്ചിരുന്നു. എന്നാല്‍ ഉടന്‍ നായയെ കൊലപ്പെടുത്തേണ്ട എന്നും പത്ത് ദിവസം നായയെ നിരീക്ഷിക്കണമെന്നും വെറ്റിനറി ഡോക്ടര്‍മാര്‍ നിര്‍ദേശം നല്കി. ഇതനുസരിച്ച് നായയെ രാജനും കൊച്ചുമോളും നിരീക്ഷണത്തിലാക്കി. നായയെ നിരീക്ഷണത്തിലാക്കി ഏഴാം ദിവസമാണ് കുഞ്ഞിന്റെ പിതാവ് ജോമോന് മദ്യപിച്ച് സുഹൃത്തുക്കളോടൊപ്പം രാജുവിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് സംഘം ചേര്‍ന്ന് ഇവരെ അസഭ്യം പറയാനും മര്‍ദിക്കാനും തുടങ്ങി. ഏതാനും മാസം മുന്‍പ് ഏക മകന് അപകടത്തില്‍ മരിച്ചതോടെ തുണയില്ലാതെ കഴിയുകയായിരുന്നു ദമ്പതികള്‍.
സമീപത്തുള്ള കുട്ടി ഇവരെ മര്‍ദിക്കുന്നത് കണ്ട്് അയല്‍വാസിയായ പഞ്ചായത്ത് മെമ്പറുടെ വീട്ടിലെത്തി കാര്യം പറഞ്ഞു. ഉടന്‍തന്നെ ബിജി ഇവിടേക്ക് ഓടിയെത്തി. എന്നാല്‍, ബിജിയെ കണ്ട ഉടന്‍ ജോമോനും സുഹൃത്തുക്കളും ഇവര്‍ക്ക് നേരെ തിരിഞ്ഞു. കഴുത്തിന് കുത്തിപ്പിടിച്ച് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബിജി അവശയായി. രാജനും കൊച്ചുമോളും മര്‍ദനമേറ്റ് അവശരായിരുന്നതിനാല്‍ പിടിച്ച് മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചില്ല. സമീപത്തുള്ള വീട്ടുകാര്‍ കോവിഡ് പൊസിറ്റീവായി ക്വാറന്റയിനിലായിരുന്നതിനാല് സംഭവസ്ഥലത്തേക്ക് വരണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല്‍ വീട്ടിലുണ്ടായിരുന്ന യുവാവ് കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം എടുക്കാനാവാതെ പിടയുന്ന ബിജിയെ കണ്ട് ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അല്പം താമസിച്ചിരുന്നെങ്കില്‍ ബിജി ബോധരഹിതയായി നിലത്ത് വീണെനെ എന്ന് തിരിച്ചറിഞ്ഞായിരുന്നു യുവാവിന്റെ ഇടപെടല്‍.
സംഭവത്തില്‍ ഒന്നാം പ്രതിയായ ഈരയില്‍ ജോമോന്, ഇയാളുടെ സുഹൃത്തുക്കളായ രണ്ടാംപ്രതി കല്ലൂര്‍ സിബി, മൂന്നാം പ്രതി ചെരിവ് പുരയിടത്തില്‍ ചെറിയാന് സി തോമസ് എന്നിവര്‍ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.