പത്തനംതിട്ട: വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതിന് മല്ലശേരി സ്വദേശിയായ യുവാവിന് ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദനം. മല്ലശേരി സ്വദേശി അഭിജിത് റോയിയെയാണ് ഭാര്യ വീട്ടുകാര്‍ വീട്ടില്‍ കയറി മര്‍ദിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയ ഭാര്യയുടെ അച്ഛനും സഹോദരന്മാരും മകനും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. തടസ്സം പിടിച്ച യുവാവിന്റെ മാതാപിതാക്കള്‍ക്കും മര്‍ദനമേറ്റു.
അഭിജിത് റോയിയും ഭാര്യ ആന്‍ സൂസന് ബിജുവും പിണങ്ങിക്കഴിയുകയാണ്. വിവാഹമോചനത്തിന് ഒരുമിച്ച് കോടതിയില്‍ പെറ്റീഷന് ഫയല്‍ ചെയ്യാനുള്ള ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് അഭിജിത്തിനെ വീടുകയറി ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. ഭാര്യാപിതാവ് ബിജു ജോര്‍ജ്, ഇയാളുടെ സഹോദരന്മാരായ ബെറ്റി ജോര്‍ജ്, ബെന്നി ജോര്‍ജ്, ഭാര്യാസാഹോദരന് ആശിഷ് പി ജോര്‍ജ് എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.