പാലാ: പാലാ നഗരസഭ സ്റ്റേഡിയത്തിൽ കായിക താരത്തെ അപമാനിച്ചതായി പരാതി. രാജ്യാന്തര അത്‌ലറ്റ് നീനാ പിന്റോയ്ക്കാണ് അപമാനം നേരിട്ടത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അന്തർദ്ദേശീയ വനിതാ കായിക താരത്തെ അസഭ്യം വിളിച്ചതായാണ് പരാതി ഉയർന്നത്. കുറ്റവാളിയെ ഉടൻ പിടികൂടണമെന്നും ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വനിതാ താരവും ഭർത്താവും സ്റ്റേഡിയത്തിൽ സമരം നടത്തിയതിനെ തുടർന്ന് പാലാ സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസൺ സ്ഥലത്തെത്തി.
പരിശീലനത്തിനായി ട്രാക്ക് മാറിത്തരാൻ ആവശ്യപ്പെടുകയും, ഇതിനു ശേഷം കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ നഗരസഭ സ്റ്റേഡിയത്തിൽ പരിശീലനത്തിനായാണ് ഇവർ എത്തിയത്. ഈ സമയം സ്റ്റേഡിയത്തിൽ രണ്ടു പേർ നടക്കാനായി എത്തിയിരുന്നു. നടന്നു വ്യായാമം നടത്തുന്നവർക്കായി രണ്ടു ട്രാക്കുകൾ ഒഴിച്ചിട്ടിരുന്നു. ട്രാക്കിലൂടെ നടന്ന ശേഷം സ്‌ട്രെച്ചിംങ് എക്‌സർസൈസ് ചെയ്യുകയായിരുന്നു നീനാ. ഈ സമയത്ത് ട്രാക്കിലൂടെ നടന്നു പോയവർ നീനയോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു. ഇതേ തുടർന്ന് തർക്കം ഉടലെടുത്തു. തുടർന്നു, നീന പൊലീസ് അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിൽ പാലാ നഗരസഭ അധികൃതർ അടക്കം ഇടപെട്ടു. ഇതോടെ കായിക താരവും ഭർത്താവും പാലാ പൊലീസിൽ പരാതി നൽകി. ഇവരുടെ പരാതിയിൽ പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്.