കോട്ടയം: യുവാവ് അലസമായി ഓടിച്ചു കൊണ്ടുവന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു, യുവാവും സുഹൃത്തുക്കളും ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചവശനാക്കി, ഓട്ടോറിക്ഷ തല്ലി തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി വില്ലേജിൽ ചാലുങ്കപ്പടി ഭാഗത്ത് ഇഞ്ചക്കാട്ട് കുന്നേൽ കാലേബ് എസ് (23), വാഹനാപതടത്തിൽ പരിക്കേറ്റ പ്രണിത്, മാങ്ങാനം കരയിൽ മന്ദിരം ഭാഗത്ത് കുറ്റിക്കാട്ട് വീട്ടിൽ കാർത്തിക് എം (24), മാങ്ങാനം കരയിൽ മന്ദിരം ഹോസ്പിറ്റൽ ഭാഗത്ത് അഞ്ചേരിയിൽ വീട്ടിൽ ബെച്ചു മോൻസി (24) കറുകച്ചാൽ വില്ലേജ് ഉമ്പിടി കരയിൽ തച്ചൻകുളം വീട്ടിൽ രാഹുൽ മോൻ (24) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6.45 മണിയോടെ കളമ്പുകാട് – ജനത റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ പ്രതിയായ പ്രെണിത് ഉദാസീനമായി ഓടിച്ചു കൊണ്ടുവന്ന ബൈക്ക് മാങ്ങാനം സ്വദേശി മണികണ്ഠൻ എന്നയാളുടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പ്രണിത്തിനും സുഹൃത്തിനും പരിക്കുപറ്റിയിരുന്നു. പിന്നാലെ ബൈക്കിൽ വന്ന സുഹൃത്തുക്കൾ പ്രണിത് പറഞ്ഞത് അനുസരിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിക്കുകയും കരിങ്കലിന് ഇടിച്ചു പരിക്കേൽപ്പിക്കുകയും ഓടയിൽ തള്ളി ഇടുകയും ചെയ്തു.
നാലു പ്രതികളും ചേർന്ന് ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തു. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കോട്ടയം ഈസ്റ്റ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.