ഏറ്റുമാനൂർ : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ കാഞ്ഞിരത്താനം ഭാഗത്ത് മരോട്ടിത്തടത്തിൽ വീട്ടിൽ സനൂപ് സണ്ണി (31) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് മെയ് അഞ്ചാം തീയതി രാത്രി 09.30 മണിയോടുകൂടി 9:30 മണിയോടുകൂടി ഏറ്റുമാനൂർ ഭാഗത്തുള്ള അമല ഓഡിറ്റോറിയത്തിന് സമീപം വച്ച് ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ സുഹൃത്തുക്കളുമായി യുവാവ് കാറിൽ എത്തിയ സമയം, വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സനൂപ് സണ്ണിയും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇവർ സംഘം ചേർന്ന് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന യുവാവിനെ ചീത്ത വിളിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ആക്രമിക്കുകയുമായിരുന്നു.
ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തുക്കളെയും ഇവർ മർദ്ദിച്ചു. കൂടാതെ കാര്‍ ഇവർ തല്ലി തകർക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഈ കേസിലെ മറ്റു പ്രതികളായ അനുരാജ്, അനീഷ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാകുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ സൈജു കെ, എ.എസ്.ഐ സജി പി.സി, സി.പി.ഓ മാരായ ഡെന്നി പി ജോയ്, അനീഷ് വി.കെ, സെയ്‌ഫുദ്ദീൻ, സുനിൽ കുര്യൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.