ബെയ്‌റൂട്ട്: തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 182 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഒരു വർഷത്തോളമായി അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. മുന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
‘ഇന്ന് രാവിലെ മുതൽ തെക്കൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായേലി ശത്രുക്കളുടെ ആക്രമണത്തിൽ 182 പേർ കൊല്ലപ്പെടുകയും 727 പേർക്ക് പരിക്കേൽക്കുകയും ചെയ്തു,’ ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളും സ്ത്രീകളും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 182 പേർ മരിക്കുകയും 700-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ലെബനനിലെ ആക്രമണം അതിർത്തിയിൽ ഒരു വർഷത്തോളമായി നടന്ന അക്രമങ്ങളിൽ ഏറ്റവും ഭീകരമായിട്ടുള്ളതാണ്. ഗാസയിൽ നടത്തിയിരുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾക്ക് ശേഷമാണ് ഇസ്രായേൽ വടക്കൻ അതിർത്തി മേഖല ലക്ഷ്യമിട്ട് എത്തുന്നത്. ലെബനനിൽ തങ്ങളുടെ ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
തെക്കൻ ലെബനനിലെ എല്ലാ ആശുപത്രികളിലും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. അത്യാഹിതവിഭാഗത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് ചികിത്സ നൽകാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശം. തെക്കൻ ലെബനനിലും ബയ്റുത്തിലും സ്‌കൂളുകൾക്ക് രണ്ടുദിവസം അവധി പ്രഖ്യാപിച്ചു.