വാഷിങ്ടൺ: ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്ബനികൾക്കും കപ്പലുകൾക്കും പുതിയ ഉപരോധങ്ങൾ ചുമത്തി യു.എസ്. ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങൾ മുൻനിർത്തിയാണ് യു.എസിന്റെ നടപടി. ഇറാനിൽ നിന്നുള്ള എണ്ണ, ഇറാന്റെ പെട്രോകെമിക്കൽ വ്യവസായമേഖല തുടങ്ങിയവയ്ക്ക് മേലാണ് യു.എസ്. പുതിയ വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ മിസൈൽ പദ്ധതികൾക്കും പ്രദേശിക സേനകൾക്കുമുള്ള സാമ്ബത്തികസഹായം കുറയ്ക്കുക എന്ന ലക്ഷ്യമാണ് യു.എസിന് പ്രധാനമായും ഉള്ളത്.
ഇതിനിടെ, ഇസ്രയേലിന് സഹായമേകുന്ന പക്ഷം ശക്തമായ തിരിച്ചടി നൽകുമെന്ന് അറബ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളിൽ ഇസ്രായേലിനെ സഹായിക്കാൻ അവരുടെ പ്രദേശങ്ങളോ വ്യോമാതിർത്തിയോ അനുവദിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് യു.എസ് സഖ്യകക്ഷികളായ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായി ദ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) ജോർദാൻ, ഖത്തർ തുടങ്ങി യു.എസ്. സേനയ്ക്ക് ആതിഥ്യം നൽകുന്ന രാജ്യങ്ങൾക്കാണ് പ്രധാനമായും ഇറാന്റെ മുന്നറിയിപ്പെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മാസം ആദ്യം ഇസ്രയേലിന് നേർക്ക് ഇറാൻ നടത്തിയ മിസൈലാക്രമണങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പുണ്ടായതിനു പിന്നാലെയാണ് ഇസ്രയേൽ താക്കീതുമായെത്തിയത്. ഇറാന്റെ ആണവ, ഇന്ധന അടിസ്ഥാനസൗകര്യങ്ങൾക്ക് നേർക്കുള്ള ആക്രമണങ്ങൾക്കാണ് ഇസ്രയേൽ നിലവിൽ മുൻതൂക്കം നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേലിന് സഹായം നൽകുന്ന, യു.എസുമായി സൗഹാർദം പുലർത്തുന്ന അറബ് രാഷ്ട്രങ്ങൾക്കെതിരെ താക്കീതുമായി ഇറാൻ എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സൈനികശേഷിയോ വ്യോമാതിർത്തിയോ ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഉപയോഗപ്പെടുത്തി തങ്ങളെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നാവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ ബൈഡൻ ഭരണകൂടവുമായി ആശയവിനിമയം നടത്തിയതായും ദവാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. യു.എസിന്റെ സംരക്ഷണത്തിലാണെന്ന് പൊതുവേ നിരീക്ഷിക്കപ്പെടുന്നതിനാൽ തങ്ങൾക്കെതിരേ ആക്രമണമുണ്ടാകാനുള്ള സാധ്യതയെ അറബ് രാജ്യങ്ങൾ ഭയപ്പെടുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. മാത്രമല്ല യു.എസ്. സേനയ്ക്ക് ആതിഥ്യം നൽകുന്ന പ്രധാനരാജ്യങ്ങൾ കൂടിയാണിവ.
സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ആഗോള എണ്ണവിപണിയിലുണ്ടായേക്കാവുന്ന പ്രതികൂലസാഹചര്യങ്ങളേയും ഈ രാഷ്ട്രങ്ങൾ ഭയപ്പെടുന്നുണ്ട്. ഇസ്രയേൽ-ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറിയാൽ എണ്ണയുടെ കയറ്റുമതിയേയും ആഗോളവിതരണത്തേയും ബാധിക്കുമെന്നുള്ള ആശങ്കയും അറബ് രാജ്യങ്ങൾക്കുണ്ട്. സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാഷ്ട്രത്തലവൻമാരുൾപ്പെടെ തങ്ങളെ ഇസ്രയേൽ-ഇറാൻ വിഷയത്തിൽനിന്ന് അകറ്റി നിർത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.
സംഘർഷാവസ്ഥ രൂക്ഷമാകുന്നത് അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയേക്കും. ഇറാന്റെ സൈനിക സ്വാധീനം വർധിക്കുന്നതിനെ പ്രതിരോധിക്കാനുള്ള പൊതുആഗ്രഹം അറബ് രാജ്യങ്ങൾക്കിടയിലുണ്ട്. നേരത്തെ ജോർദാൻ പോലുള്ള രാഷ്ട്രങ്ങൾ ഇറാനെതിരേയുള്ള ആക്രമണങ്ങളിൽ ഇസ്രയേലും യു.എസുമായി സഹകരിച്ചിരുന്നു. എങ്കിലും ഇസ്രയേലിന് പൂർണസഹകരണം നൽകുന്നത് അപകടമായേക്കുമെന്ന ആശങ്കയും അറബ് രാജ്യങ്ങൾക്കുണ്ട്.