സഹോദരനെ കുത്തിക്കൊലപ്പെടുത്തി, സഹോദര ഭാര്യയെ കൊല്ലാൻ ശ്രമം: അട്ടപ്പാടിയിൽ യുവാവിന് ജീവപര്യന്തം കഠിന തടവും പിഴയും

അട്ടപ്പാടി: അട്ടപ്പാടിയിലെ നെല്ലിപ്പതിയിൽ സഹോദരനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദര ഭാര്യയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. അട്ടപ്പാടി നെല്ലിപ്പതി പുത്തൻ വീട്ടിൽ ശിവനുണ്ണിയെയാണ് മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2016 ജൂലൈ 18 നാണ് പുത്തൻ വീട്ടിൽ പ്രഭാകരൻ സഹോദരന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.

Advertisements

എട്ടു വർഷം മുമ്പ് കൽപ്പണിക്കാരനായ പ്രഭാകരൻ ജോലി കഴിഞ്ഞ് രാത്രി ഒൻപത് മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. പുരയിടത്തിൽ കാത്തു നിന്ന ശിവനുണ്ണി ചാടിവീണ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി. പ്രഭാകരന്‍റെ ശബ്ദം കേട്ട് ഭാര്യ വിജയ ഓടിയെത്തിയപ്പോഴേക്കും കുത്തിയിരുന്നു. തടയാനെത്തിയ വിജയയെ കുത്തിയെങ്കിലും തുടയിലാണ് കുത്തു കൊണ്ടത്. ബഹളം കേട്ട് മറ്റു ബന്ധുക്കൾ എത്തുമ്പോഴേക്കും പ്രഭാകരൻ മരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരുടേയും അമ്മയും സഹോദരിയും സഹോദരിയുടെ നാലു വയസുകാരി മകളും 17 വർഷം മുമ്പ് വിഷം കഴിച്ച് മരിച്ചിരുന്നു. ഇതിൻറെ കാരണക്കാരൻ പ്രഭാകരനാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രഭാകരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിജയയെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവും അനുഭവിക്കണം. കേസിലെ സാക്ഷിയായിരുന്ന പ്രഭാകരന്‍റെ പിതാവ് മണി വിചാരണയ്ക്കിടെ വാഹനപകടത്തിൽ മരിച്ചു. പിതാവാണ് പ്രഭാകനെ കുത്തിയതെന്ന് പ്രതി കോടതിയിൽ പറഞ്ഞെങ്കിലും തെളിയിക്കാനായില്ല.

Hot Topics

Related Articles