ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ബാറ്റിംഗ് വിസ്ഫോടനം കൂടെ നടത്തിയിരിക്കുകയാണ് ഡൽഹി താരം ജെയ്ക്ക് ഫ്രേസർ മക്ഗുര്‍ക്. 27 പന്തിൽ 11 ഫോറും ആറ് സിക്സും സഹിതം 84 റൺസുമായി മക്ഗുർക് ഡൽഹിക്ക് മികച്ച തുടക്കം നൽകി. പിന്നാലെ തന്റെ ബാറ്റിംഗ് വിസ്ഫോടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്ട്രേലിയൻ താരം. ആദ്യ പന്തിൽ തന്നെ സിക്സ് അടിക്കുകയാണ് തന്റെ റോൾ. സിംഗിളോ ഡബിളോ തന്റെ ബാറ്റിൽ നിന്ന് വരണമെങ്കിൽ അത് തനിക്ക് ടൈമിംഗ് പിഴച്ചതാവണം. അല്ലെങ്കിൽ ഓവറിന്റെ അവസാനത്തെ പന്തിലാവണം. എല്ലാ പന്തുകളിലും അടിച്ചു തകർക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. ഇതുപോലെ റൺസ് അടിക്കാൻ മികച്ച ടൈമിംഗ് കൂടെ വേണമെന്നും മക്ഗുർക് പ്രതികരിച്ചു.മത്സരത്തിൽ 10 റൺസിന്റെ ആവേശ ജയമാണ് ഡൽഹി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മറുപടി പറഞ്ഞ ഡൽഹിയുടെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247ൽ അവസാനിച്ചു.