കോട്ടയം: ടൂറിസ്റ്റ് ബസിന്റെ തുറന്നിട്ട ലഗേജ് വാതിൽ തട്ടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് എട്ടരയോടെ കോട്ടയം നാഗമ്പടം മേൽപ്പാലത്തിലായിരുന്നു അപകടം. കോട്ടയം നഗരത്തിൽ നിന്നും എംസി റോഡിലൂടെ കുമാരനല്ലൂർ റൂട്ടിൽ പോകുകയായിരുന്നു രണ്ടു വാഹനങ്ങളും. നാഗമ്പടം പാലം കയറിയെത്തിയ ബസിന്റെ ലഗേജ് വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ബസിന് പിന്നാലെ എത്തിയ സ്കൂട്ടർ യാത്രക്കാർ അടക്കമുള്ളവർ ഇതു സംബന്ധിച്ചു ഹോൺ അടിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. നാഗമ്പടം റെയിൽവേ മേൽപ്പാലം ഇറങ്ങിയ ബസ് നാഗമ്പടം പാലത്തിലേയ്ക്കു കയറുന്നതിനിടെ ബസ് ഒരു ഓട്ടോറിക്ഷയെ മറികടന്നു. ഈ സമയം തുറന്നു കിടന്ന ലഗേജ് വാതിൽ മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയെ തട്ടി. നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. അപകടം കണ്ട് ബസ് നിർത്തുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് എത്തി ആംബുലൻസ് വിളിച്ചു വരുത്തി. അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകി.
ടൂറിസ്റ്റ് ബസിന്റെ തുറന്നിട്ട ലഗേജ് വാതിൽ തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്; സംഭവം കോട്ടയം നാഗമ്പടത്ത്
