തിരുവനന്തപുരം: തന്റെ പ്രായത്തിനൊത്ത കേസുകളുമായി പൊലീസിനെയും, നാട്ടുകാരെയും ഒരു പൊലെ വെല്ലുവിളിക്കുകയാണ് ഗുണ്ട ഒട്ടകം രാജേഷ്.
പൊലീസിനെ കബളിപ്പിച്ച് സമർത്ഥമായി മുങ്ങിനടന്ന പോത്തൻകോട് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ കുടുക്കിയത് ഫോൺവിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം.
അന്വേഷണത്തിനിടെ ഒരു പൊലീസുകാരന്റെ ജീവൻവരെ നഷ്ടമായിട്ടും ഇയാളെ പിടികൂടാൻ കഴിയാതായതോടെ പൊലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
ഒട്ടകം രാജേഷുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ് ഇവരുടെ ഫോൺവിളികൾ നിരീക്ഷിച്ചുവരികയായിരുന്നു. രാജേഷ് സംസ്ഥാനം വിടാൻ സാദ്ധ്യതയുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോൺകാളുകൾ പ്രത്യേകം നിരീക്ഷിച്ചു. ഇതിനിടെ ചാത്തമ്ബാടുള്ള ഒളിസങ്കേതത്തിൽ കഴിഞ്ഞിരുന്ന ഒട്ടകം രാജേഷ് വെഞ്ഞാറമൂടെത്തി, ഇവിടെനിന്ന് ബസിൽ പഴനിയിലേക്ക് കടന്നു. അവിടെനിന്ന് മറ്രൊരാളുടെ ഫോണിലൂടെ നാട്ടിലുള്ള സുഹൃത്തിനെ വിളിച്ച് പണമാവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഇക്കാര്യം പൊലീസിനെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജേഷിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് ഒരു സംഘത്തെ പഴനിയിലേക്കയച്ചു. നാട്ടിലേക്ക് വിളിച്ച ഫോണിന്റെ ഉടമയെ കണ്ടെത്തിയ ശേഷം ഇയാളുടെ സഹായത്തോടെ രാജേഷ് പോയ സ്ഥലങ്ങൾ മനസിലാക്കി ഇവിടങ്ങളിലെ സി.സി ടിവി കാമറാ ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിൽ കേരളത്തിലേക്ക് സർവീസുകൾ നടത്തുന്ന ബസ് സ്റ്റാൻഡിൽ ഒട്ടകം രാജേഷ് എത്തിയ ദൃശ്യവും ഉണ്ടായിരുന്നു. എന്നാൽ മറ്റൊരു സുഹൃത്തിനെ വിളിച്ചപ്പോൾ പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ രാജേഷ് ഇതിനിടെ എറണാകുളത്തേക്ക് കടന്നിരുന്നു. തുടർന്ന് മറൈൻഡ്രൈവ്, എറണാകുളം ബാനർജി റോഡ് എന്നിവിടങ്ങളിൽ നിന്ന് വഴിയാത്രക്കാരുടെ ഫോൺവാങ്ങി വീണ്ടും സുഹൃത്തിനെ വിളിച്ച് പണം ശരിയായോ എന്ന് അന്വേഷിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ രാജേഷിന്റെ സഞ്ചാരമാർഗ്ഗം മനസിലാക്കിയ പൊലീസ് സംഘം കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും. പളനിയിൽ പോയി മടങ്ങിയ സംഘം വെഞ്ഞാറമൂട്ടിലും നിലയുറപ്പിച്ചു. ഇതിനിടെ എറണാകുളത്തു നിന്നുള്ള കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ പൊലീസ് ബന്ധപ്പെട്ടു. ഇദ്ദേഹം പൊലീസിന് വാട്സാപ് വഴി അയച്ചുകൊടുത്ത യാത്രക്കാരുടെ ഫോട്ടോകൾ പരിശോധിച്ച് ഒട്ടകം രാജേഷ് എറണാകുളം-കാട്ടാക്കട സൂപ്പർ ഫാസ്റ്റ് ബസിൽ ഉള്ളതായി സ്ഥീരികരിക്കുകയും ബസ് പുലർച്ചെ 2.30 ന് കൊല്ലത്തെത്തിയപ്പോൾ ഇയാളെ കസ്റ്രഡിയിലെടുക്കുകയുമായിരുന്നു.
കേസിലെ ഒന്നും മൂന്നും പ്രതികളെ ചാത്തമ്ബാട് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ഒട്ടകം രാജേഷ് സ്ഥലത്തുണ്ടായിരുവെന്ന് ചോദ്യം ചെയ്യലിനിടയിലാണ് പൊലീസിനു മനസിലായത്. മറ്റുള്ളവരോട് കീഴടങ്ങാൻ പറഞ്ഞശേഷമാണ് ഇയാൾ തമിഴ്നാട്ടിലേക്കു മുങ്ങിയത്. കൈവശമുണ്ടായിരുന്ന പണം തീർന്നതോടെയാണ് നാട്ടിലേക്കു തിരിച്ചുവരാൻ തീരുമാനിച്ചതെന്നാണ് സൂചന.
32 വയസിനുള്ളിൽ 28 ലേറെ കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കുള്ളത്. എന്നാൽ നാളിതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. പല കേസുകളിലും വിചാരണ നടപടികൾ ഇപ്പോഴും തുടരുകയാണ്. ചില കേസുകളിൽ റിമാൻഡിലായി ഏതാനും ദിവസങ്ങൾ മാത്രമാണ് ജയിലിൽ കിടന്നത്.
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസും ഒരു ഡസനിലേറെ അടിപിടി, വധഭീഷണി കേസുകളും ഇയാൾക്കെതിരെയുണ്ട്. 2004ൽ കഠിനംകുളം സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിൽ നാലാം പ്രതിയുമാണ് ഒട്ടകം രാജേഷ്. 2014ൽ പോത്തൻകോടുള്ള ഷാജീസ് മൊബൈൽ ഷോപ്പിന്റെ ഉടമയുടെ അനുജന്റെ കൈവെട്ടിയ കേസിലും പ്രതിയാണിയാൾ.
ഏഴ് വർഷം പിന്നിട്ടിട്ടും ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലും പൊലീസിനായിട്ടില്ല. ആക്രമണത്തിന് ഇരയായ പോത്തൻകോട് അയണിമൂട് സ്വദേശി ബിജു (32) മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പോത്തൻകോട് പരിധിയിൽ വധശ്രമം, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ നിരവധി കേസുകളിലും ഒട്ടകം രാജേഷ് പ്രതിയാണ്.
ഇയാൾക്ക് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. 12 ഓളം കേസുകളാണ് ഇയാൾക്കെതിരെ ഇവിടെയുള്ളത്.