തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകളും കൂടുമെന്ന സൂചന നല്‍കി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോ – ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കുവാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി കമ്മറ്റി മൂന്ന് ചര്‍ച്ചകള്‍ നടത്തിയതിനുശേഷം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചര്‍ച്ച നടന്നത്.
ഓട്ടോ മിനിമം ചാര്‍ജ് 25 ല്‍ നിന്ന് 30 ആകും. അവസാനം ഓട്ടോ ടാക്‌സി ചാര്‍ജ് കൂട്ടിയത് നാല് കൊല്ലം മുമ്പാണെന്നും അതിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായതായും ഗതാഗത മന്ത്രി പറഞ്ഞു.നിലവില്‍ 25 രൂപ മിനിമം ചാര്‍ജുള്ള ഓട്ടോ ചാര്‍ജ് 30 ആക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. ടാക്‌സി നിരക്ക് 210 ഉം 240 ഉം മിനിമം ചാര്‍ജ് ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമോ എന്ന ചോദ്യത്തോട് ഈ മാസം മുപ്പതാം തീയതി എല്‍ഡിഎഫ് യോഗമുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി. നിരക്ക് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയായി. ഇനി സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്താല്‍ മതി എന്ന് ചുരുക്കം.